കൊല്ലം: കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പുത്തൂർ തേവലപ്പുറം സ്വദേശി വിനോദ്(43), യാത്രക്കാരായ അശ്വിൻകുമാർ(30), രമണൻ(42) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിനോദിനെയും അശ്വിൻകുമാറിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിനോദിന്റെ പരിക്കുകൾ ഗുരുതരമാണ്.ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. കൊട്ടാരക്കര ഭാഗത്ത് നിന്നും പുത്തൂരിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. എതിർ ദിശയിൽ നിന്നും വന്ന കാർ വലത്തേക്ക് വെട്ടിത്തിരിഞ്ഞ് ഓട്ടോയിൽ ഇടിച്ചുകയറുകയായിരുന്നു. റോഡിനോട് ചേർന്ന തോട്ടിലേക്ക് ഓട്ടോ തെറിച്ചുവീണു. കാറിന്റെ മുൻഭാഗവും തോട്ടിലേക്ക് പതിച്ചു. ഓടിക്കൂടിയവർ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയത്. കാർ ഡ്രൈവർ ഇതിനിടയിൽ രക്ഷപെട്ടു. കൊട്ടാരക്കര പൊലീസെത്തിയ ശേഷമാണ് ശ്രമകരമായി കാറും ഓട്ടോയും തോട്ടിൽ നിന്നും പുറത്തെടുത്തത്. കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.