
കൊല്ലം: നഗരസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കേ മൂന്ന് മുന്നണികളിലും സീറ്റ് ചർച്ച മുറുകുന്നു. ചെറിയ പാർട്ടികൾ പോലും മുന്നണിയിൽ നിന്ന് ഒരു സീറ്റെങ്കിലും പിടിച്ചുവാങ്ങി മത്സരിക്കാനുള്ള ശ്രമത്തിലാണ്. ഈമാസം അവസാനത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണികളുടെ ശ്രമം.
യു.ഡി.എഫ്
ഇന്നലെ യു.ഡി.എഫിൽ കോൺഗ്രസും ലീഗും തമ്മിലായിരുന്നു ഉഭയകക്ഷി ചർച്ച. ലീഗ് കൊല്ലൂർവിള ആവശ്യപ്പെട്ടു. പകരം കല്ലുന്താഴം വിട്ടുകൊടുക്കാമെന്ന് പറഞ്ഞു. പക്ഷെ പാർട്ടിയിൽ ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുവെന്ന് കോൺഗ്രസ് അറിയിച്ചു. കഴിഞ്ഞ തവണ ആർ.എസ്.പി മത്സരിച്ച ബാക്കി നാല് സീറ്റുകളിൽ ഇത്തവണയും മാറ്റമില്ല. മറ്റന്നാൾ ലീഗുമായി വീണ്ടും ചർച്ച നടത്തും. ശക്തികുളങ്ങര 55-ാം ഡിവിഷൻ ഫോർവേഡ് ബ്ലോക്കിന് വിട്ടുകൊടുക്കാനും ധാരണയായി. കഴിഞ്ഞ തവണ ജെ.എസ്.എസിന് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ആർ.എസ്.പിക്ക് കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും 11 സീറ്റാണ്. കഴിഞ്ഞ തവണ മത്സരിച്ച തെക്കുംഭാഗവും കടപ്പാക്കടയും കോൺഗ്രസിന് നൽകി പകരം ഇരവിപുരവും മങ്ങാടും ആർ.എസ്.പിയെടുത്തു. കേരളാകോൺഗ്രസ് ജേക്കബ്, ജോണി നെല്ലൂർ, സി.എം.പി, ജനതാദൾ യുണൈറ്റഡ‌് അടക്കമുള്ള എല്ലാ ഘടകക്ഷികൾക്കും ഓരോ സീറ്റ് വീതം നൽകാൻ ധാരണയായി.
എൽ.ഡി.എഫ്
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്നലെ നിശ്ചയിച്ചിരുന്ന സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ച ഇന്നത്തേക്ക് മാറ്റി. സി.പി.എം 35, സി.പി.ഐ 17 എന്നിങ്ങനെ മത്സരിക്കാനാണ് നിലവിലെ ധാരണ. ബാക്കി മൂന്ന് സീറ്റുകളേ ഘടകക്ഷികൾക്ക് ലഭിക്കുള്ളൂ. കഴിഞ്ഞതവണ ജനതാദൾ മത്സരിച്ച കന്റോൺമെന്റ് സി.പി.എം ഏറ്റെടുക്കും. പകരം പള്ളിമുക്ക് നൽകിയേക്കും. ഇതടക്കം പരമാവധി മൂന്ന് സീറ്റുകൾ മറ്റ് കക്ഷികൾക്ക് നൽകാനേ സാദ്ധ്യതയുള്ളൂ. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
എൻ.ഡി.എ
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ച ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഘടകകക്ഷികളുമായി ചർച്ച നടക്കും.