photo
കോട്ടാത്തല പണയിൽ ജംഗ്ഷനിലെ അപകടക്കെണിയായ ഭാഗം

കൊല്ലം: കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥ. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്. കോടികളുടെ റോഡ് വികസനം നടന്നുവരുമ്പോഴും ജംഗ്ഷനിലെ അപകടക്കെണിമാറ്റാൻ നടപടിയുണ്ടാകുന്നില്ല. ഇവിടെ കലുങ്കിന് ഉയർത്തിക്കെട്ടും റോഡിന് സംരക്ഷണ ഭിത്തിയും നിർമ്മിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല. ഇന്നലെ വൈകിട്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് തോട്ടിലേക്ക് മറിഞ്ഞാണ് മൂന്നുപേർക്ക് പരിക്കേറ്റത്. എല്ലാ ദിവസവും ഇതേ ഭാഗത്ത് ലോട്ടറി വിൽപ്പനക്കാരൻ ഉണ്ടാകാറുള്ളതാണ്. പതിവ് സ്ഥാനത്ത് ഇന്നലെ ഇദ്ദേഹം ഇല്ലാത്തതിനാൽ മറ്റൊരു ദുരന്തവും ഒഴിവായി. ഓട്ടോ സ്റ്റാന്റും ഇവിടെത്തന്നെയാണ്. പണയിൽ ജംഗ്ഷനിൽ നിന്ന് കുറവൻചിറ ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന പത്തടി തോടിന് മുകളിലായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കലുങ്കാണുള്ളത്. കൊട്ടാരക്കര - പുത്തൂർ റോഡിൽ നിന്ന് കുറവൻചിറ ഭാഗത്തേക്കുള്ള വാഹനങ്ങൾ കലുങ്ക് കടന്നാണ് പോകേണ്ടത്. കലുങ്കിന്റെ ഇരുവശത്തും മുൻപ് മുകളിലേക്ക് കെട്ടുണ്ടായിരുന്നു. കാലക്രമേണെ ഇത് നശിച്ചു. ഒരു വശത്തായി ജില്ലാ പഞ്ചായത്ത് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചപ്പോൾ തോടിന്റെ മുകളിൽ കോൺക്രീറ്റിട്ടു. അങ്ങനെ ആ വശത്തെ അപകടഭീഷണി തത്കാലത്തേയ്ക്ക് ഒഴിവായെങ്കിലും മറുവശത്ത് അപകടം പതിയിരിക്കുകയാണ്. പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങളാണ് നേരത്തെ ഇവിടെ വീണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. പ്രധാന റോഡിൽ നിന്ന് തിരിയുന്ന വാഹനങ്ങൾ ഇടത് വശത്തെ തോടിന്റെ താഴ്ചയിലേക്ക് മറിയാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും ചൂണ്ടിക്കാട്ടി മാർച്ച് 24ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് അന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും നാളിതുവരെ ഫലമുണ്ടായിട്ടില്ല.

സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടണം

കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട - കൊട്ടാരക്കര- നീലേശ്വരം- കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ ജോലികൾ നടന്നുവരുകയാണ്. 20.80 കോടി രൂപയുടെ നിർമ്മാണത്തിന്റെ ഭാഗമായി ആദ്യഘട്ട ടാറിംഗ് നടത്തിയിരുന്നു. എന്നാൽ ഇതുവരെയും തോടിനോട് ചേരുന്ന ഭാഗം ഉയർത്തിക്കെട്ടാൻ നടപടി ഉണ്ടായിട്ടില്ല. ചില ഇടങ്ങളിൽ റോഡും തോടുമായി ചേരുന്ന ഭാഗത്തെ കൽക്കെട്ടുകൾ ഇടിഞ്ഞു തള്ളിയിട്ടുമുണ്ട്. അര കിലോ മീറ്റർ ദൂരത്തായി കിടങ്ങിൽ ഭാഗത്തും റോഡിന്റെ സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടാത്തത് അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. കലുങ്കിന്റെ വശത്തായി കുറ്റികൾ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.