cpi

 ഇന്നലെ ഓൺലൈനായി ചേർന്ന യോഗത്തിലും തർക്കം

കൊല്ലം: എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം സി.പി.ഐ ജില്ലാ കൗൺസിൽ യോഗം ഇന്നലെ ഓൺലൈനായി ചേർന്നു. ജില്ലയിലെ സംഘടനാ പ്രശ്നങ്ങളിൽ തീരുമാനമായിട്ട് ജില്ലാ നേതൃയോഗങ്ങൾ ചേർന്നാൽ മതിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന സെക്രട്ടറി തന്നെ ജില്ലാ കൗൺസിൽ വിളിച്ചു ചേർക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ്, പാർട്ടി ഫണ്ട് എന്നിവയായിരുന്നു യോഗത്തിലെ അജണ്ട. മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യേണ്ടെന്ന് ആദ്യമേ മുന്നറിയിപ്പ് നൽകിയെങ്കിലും ജില്ലാ കൗൺസിൽ ഇത്രയും കാലം വിളിച്ചുചേർക്കാഞ്ഞതിനെതിരെ ചില മണ്ഡലം സെക്രട്ടറിമാർ രംഗത്തെത്തി. പാർട്ടിയിൽ ജനാധിപത്യ സ്വാതന്ത്ര്യം നഷ്ടമായെന്ന് ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.സി. ജോസ് പറഞ്ഞു. എങ്കിൽ പിന്നെ എനിക്കും ചിലത് പറയാനുണ്ടെന്ന ആവശ്യവുമായി പാർട്ടി ഓഫീസിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗം ഭാസ്കരൻ രംഗത്തെത്തിയതോടെ കാനം വിലക്കി. ജില്ലാ കേന്ദ്രത്തിൽ നടക്കുന്നതൊന്നും അസി. സെക്രട്ടറിയായ താൻ അറിയുന്നില്ലെന്ന് പറഞ്ഞു. ഈ സ്ഥിതിയുടെ കാരണക്കാർ ആരാണെന്ന് പറയുന്നവർക്ക് തന്നെ അറിയാമെന്ന് പറഞ്ഞു മറ്റ് വിഷയങ്ങളിലേക്ക് വഴിമാറുന്നതിനെ കാനം വീണ്ടും വിലക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ നിശ്ചയിക്കാൻ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗം സംഘർഷത്തിന്റെ വക്കിലെത്തിയതോടെയാണ് ജില്ലാ കൗൺസിൽ, എക്സിക്യുട്ടീവ് യോഗങ്ങൾ ചേരുന്നത് സംസ്ഥാന സെന്റർ വിലക്കിയത്. ഇതുമായി ബന്ധപ്പെട്ട സംഘടനാ നടപടി അടുത്തമാസം 5ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ്, കൗൺസിൽ യോഗങ്ങളിലേ തീരുമാനമാകൂ.

 മുന്നണി വിട്ടുള്ള മത്സരത്തിന് സംസ്ഥാന

സെന്ററിന്റെ അനുമതി വാങ്ങണം

മുന്നണി വിട്ട് ഘടകക്ഷികളുമായി മത്സരിക്കേണ്ട സാഹചര്യം വന്നാൽ അതിന് സംസ്ഥാന സെന്ററിന്റെ അനുമതി വാങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റിപ്പോർട്ടിംഗിൽ പറഞ്ഞു. നേരത്തെ ജില്ലാ എക്സിക്യുട്ടീവിന്റെ അനുമതി മതിയായിരുന്നു. മുന്നണി സംവിധാനത്തെ ബാധിക്കുന്ന നീക്കങ്ങൾ പരമാവധി ഒഴിവാക്കണം. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ വിജയസാദ്ധ്യതയായിരിക്കണം മാനദണ്ഡം. തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിറുത്തണം. വിജയസാദ്ധ്യത പരിഗണിച്ച് വീണ്ടും മത്സരിപ്പിക്കേണ്ടി വന്നാൽ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സീറ്റുകളുടെ കാര്യത്തിൽ സംസ്ഥാന സെന്ററിന്റെ അനുമതി വാങ്ങണം. ജോസ്.കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വന്നെങ്കിലും അവർക്ക് കരുത്തുണ്ടെന്ന് ഉറപ്പുള്ള സ്ഥലത്ത് മാത്രം സീറ്റ് നൽകിയാൽ മതി. സിറ്റിംഗ് സീറ്റുകൾ വച്ചുമാറേണ്ടെന്നും കഴിഞ്ഞ തവണ മത്സരിച്ച അതേ എണ്ണം സീറ്റുകളിൽ ഇത്തവണയും മത്സരിക്കണമെന്നും കാനം നിർദ്ദേശിച്ചു.