
കൊല്ലം: പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ മുഴുവൻ സ്വത്തും ജപ്തി ചെയ്യുന്ന ജില്ലാ ഭരണ കൂടത്തിന്റെ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ പോപ്പുലർ ഫിനാൻസിന്റെ 38 ശാഖകളിലെയും ആസ്തികളുടെ കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായി. പൊലീസ് സാന്നിദ്ധ്യത്തിൽ ശാഖകൾ തുറന്ന് പരിശോധിച്ചാണ് തഹസീൽദാർമാരുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്. ശാഖകളിലുള്ള സാധനങ്ങൾ, ലോക്കറിൽ സൂക്ഷിച്ചിരുന്ന പണയ സ്വർണം, പണം എന്നിവയും രേഖപ്പെടുത്തും. കൊല്ലം ആർ.ഡി.ഒയുടെ നിയന്ത്രണത്തിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലായി 19 ശാഖകളാണ് പോപ്പുലർ ഫിനാൻസിനുള്ളത്. പുനലൂർ ആർ.ഡി.ഒയുടെ നിയന്ത്രണത്തിലുള്ള പുനലൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലായി 19 ശാഖകളുമുണ്ട്. ജില്ലയിൽ പൂയപ്പള്ളി വില്ലേജിലെ അഞ്ച് സെന്റ് സ്ഥലവും കെട്ടിടവും മാത്രമാണ് പോപ്പുലർ ഫിനാൻസിന് സ്വന്തമായുള്ളത്. ശേഷിക്കുന്ന 37 ശാഖകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. തഹസീൽദാർമാർ നൽകുന്ന റിപ്പോർട്ട് ക്രോഡീകരിച്ച് രണ്ട് ആർ.ഡി.ഒമാരും 31ന് കളക്ടർക്ക് റിപ്പോർട്ട് നൽകും.
നിക്ഷേപകരുടെ പരാതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലറിന്റെ എല്ലാ സ്വത്തുക്കളും ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ കണ്ടെത്തി രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടി പൂർത്തീകരിച്ചാണ് ജപ്തിയിലേക്ക് കടക്കുന്നത്.
ജില്ലയിലെ നിക്ഷേപകർക്ക് 300 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അയ്യായിരത്തിലേറെ പരാതികളാണ് ഇതുവരെ രണ്ട് പൊലീസ് ജില്ലകളിൽ നിന്നുമായി പൊലീസിന് ലഭിച്ചത്. സിറ്റിയിൽ ജില്ലാ ക്രൈംബ്രാഞ്ചും റൂറൽ പൊലീസ് ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയുമാണ് കേസുകളുടെ അന്വേഷണ ചുമതല വഹിക്കുന്നത്.