 
തഴവ: തഴവയിലെ കുടിൽ വ്യവസായ സഹകരണ സംഘങ്ങൾ തകർച്ചയിലേക്ക് നീങ്ങുന്നതിനൊടുവിൽ ലേലവും വിൽപ്പനയും തുടങ്ങി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി ഏകദേശം പന്ത്രണ്ടോളം കുടിൽ വ്യവസായ സഹകരണ സംഘങ്ങളായിരുന്നു പ്രവർത്തിച്ചിരുന്നത്.വിവിധ തൊഴിൽ പരിശീലന പരിപാടികൾ നടത്തിയും തൊഴിൽ സംരംഭകർക്ക് വായ്പ നൽകിയും സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തിയ സംഘങ്ങളാണ് ഇപ്പോൾ വിൽക്കുവാൻ വെച്ചിരിക്കുന്ന അവസ്ഥയിലേക്ക് അധപതിച്ചത്. വായ്പാ തുകയുടെ തവണ തിരിച്ചടയ്ക്കുന്നതിൽ അംഗങ്ങൾ വീഴ്ച വരുത്തിയതും, വിവിധ പദ്ധതികളുടെ നടത്തിപ്പിൽ ഉണ്ടായ കെടുകാര്യസ്ഥതയുമാണ് സംഘങ്ങളെ ബാദ്ധ്യതയിലേക്ക് തള്ളിവിട്ടത് .ജപ്തി നടപടികളുടെ ഭാഗമായി സംഘങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളും ഭൂമിയും ഇപ്പോൾ സ്വകാര്യ വ്യക്തികൾ ലേലത്തിൽ വാങ്ങുന്ന സ്ഥിതിയായിരിക്കുകയാണ്.
കട ബാദ്ധ്യത സംഘങ്ങളെ തകർത്തു
ഇരുന്നുറോളം അംഗങ്ങളുമായി കുതിരപ്പന്തിയിൽ പ്രവർത്തിച്ചിരുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രദേശത്തെ പായ് നെയ്ത്ത് തൊഴിലാളികളുടെ ആശ്രയ കേന്ദ്രമായിരുന്നു. തൊഴിലാളികൾക്ക് അസംസ്കൃത വസ്തുകൾ വാങ്ങുന്നതിന് പണം വായ്പപ നൽകുന്നതിലും കരകൗശല ജോലികളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിലും മികവ് പുലർത്തിയ സംഘം പക്ഷേ കടത്തിലേക്കാണ് നീങ്ങിയത് .ഭരണസമിതിയിലെ ഒരംഗം സ്വന്തം ഭൂമി പണയപ്പെടുത്തി ആദ്യഘട്ട ബാദ്ധ്യതയിൽ നിന്നും സ്ഥാപനത്തെ രക്ഷിച്ചെങ്കിലും പിന്നീട് വന്ന ഭരണ സമിതിയുടെ കാലത്തും കടം ഭീഷണിയായി മാറുകയായിരുന്നു.
തഴവയിലെ തഴപ്പായുടെ തലസ്ഥാനമെന്നറിയപ്പെട്ടിരുന്ന കുതിരപ്പതിയിൽ പതിനേഴ് സെൻറ് സ്ഥലവും ഒരു കെട്ടിടവുവാണ് സംഘത്തിന് സ്വന്തമായുണ്ടായിരുന്നത്. എന്നാൽ പതിനേഴ് ലക്ഷത്തിലധികം രൂപ ബാദ്ധ്യത വരുത്തിവെച്ച സ്ഥാപനം പിന്നീട് ജപ്തി നടപടിക്ക് വിധേയമാകുന്ന കാഴ്ചയാണ് ഗ്രാമവാസികൾ കണ്ടത്. മുപ്പത്തിമൂന്ന് ലക്ഷം രൂപയ്ക്ക് സംഘത്തിന്റെ മണ്ണും കെട്ടിടവും റവന്യൂ ലേലത്തിൽ വിറ്റു മാറിയപ്പോൾ തഴപ്പായുടെ പേരിൽ കുതിരപ്പന്തിക്ക് സ്വന്തമായുണ്ടായിരുന്ന ഒരേ ഒരു സ്ഥാപനവും ഓർമ്മയായി.
പ്രതികരണം
പായ് നെയ്ത്ത് തൊഴിലാളികൾക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ഒരു സ്ഥാപനമാണ് നഷ്ടമായത്. സംഘം നേരിട്ട ജപ്തി നടപടി ഈ മേഖലയിൽ നിൽക്കുന്ന ഏതൊരാൾക്കും വേദനയോടെയേ ഓർക്കുവാൻ കഴിയുകയുള്ളു.
വി. സോമൻ
പുഷ്പഭവനം, മെത്തപ്പായ് നെയ്ത്ത് തൊഴിലാളി .
ലേലത്തിൽ ലഭിച്ച തുകയിൽ സംഘത്തിന്റെ ബാദ്ധ്യത കഴിച്ച് ബാക്കി തുക തിരികെ വാങ്ങുന്നതിനും കുതിരപ്പന്തിയിൽ കുടിൽ വ്യവസായ സഹകരണ സംഘം പുനരാരംംഭിക്കുന്നതിനും നടപടി വേണം
സുഗതൻ , ആരാമം ബംഗ്ലാവ് ,പൊതുപ്രവർത്തകൻ.