 
തൊടിയൂർ: നൂറ്റിഅൻപത് ഏക്കർ വിസ്തൃതിയുള്ള മാലുമേൽ പുഞ്ചയിയിൽ ഈവർഷത്തെ കൃഷിക്ക് തുടക്കംകുറിച്ചു.ആർ.രാമചന്ദ്രൻ എം .എൽ. എ വിത്ത് വിത ഉദ്ഘാടനം ചെയ്തു. മാലുമേൽ പുഞ്ചകർഷക സമിതിയുടെ മേൽനോട്ടത്തിൽ ത്രിതല പഞ്ചായത്തുകൾ,ഓണാട്ട് കരവികസന സമിതി, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. അത്യുല്പാദനശേഷിയുള്ളതും വിളവ് പൂർത്തിയാകാൻ നൂറ്റി ഇരുപത് ദിവസം വേണ്ടതുമായ ഡി വൺ വിത്താണ് പുഞ്ചയിൽ വിതയ്ക്കുന്നത്.ആകെ അറുപത് ക്വിന്റൽ വിത്ത് ആവശ്യമുള്ളതിൽ 40 ക്വിന്റൽ സർക്കാർ സൗജ്യമായി നൽകും.
അഞ്ചു വർഷത്തെകരാർ വ്യവസ്ഥയിൽ ചമ്പക്കുളം നാരകത്തറയിൽ എൻ.എ മാത്യു എന്ന കർഷകനാണ് ഇവിടെ കൃഷി ചെയ്യുന്നത്. മൂന്നാംവർഷമാണ് ഇദ്ദേഹം ഇവിടെ കൃഷി നടത്തുന്നത്.
ആഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ പുഞ്ചയിൽ അടിഞ്ഞ പോളയും മാലിന്യങ്ങളും നീക്കം ചെയ്ത ശേഷം ഈ വർഷം ആദ്യമായി ഇവിടെയാണ് കൃഷി ഇറക്കുന്നതെന്ന് നിരവധി ഇടങ്ങളിൽ കൃഷി നടത്തുന്ന മാത്യു പറഞ്ഞു.കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പുഞ്ചകൃഷി വിജയകരമായതിലുള്ള ആത്മവിശ്വാസത്തോടെയാണ് ഇക്കുറി വീണ്ടുംകൃഷി ഇറക്കുന്നത്. പുഞ്ചയിലെ എൻജിൻ തറയ്ക്ക് സമീപം നടന്ന ചടങ്ങിൽ മാലുമേൽപുഞ്ചകർഷക സമിതി പ്രസിഡന്റ് രവീന്ദ്രൻപിള്ള, സെക്രട്ടറി കുറ്റിയിൽ ഇബ്രാഹിംകൂട്ടി, ഗ്രാമ പഞ്ചായത്തംഗം മിനിസജിത്ത്, കെ.ആർ.സജീവ്, കെ.ശശിധരൻപിള്ള, വിഷ്ണു, സജിത്ത്കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.