 
വ്യാപാരികളുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ചർച്ച നടത്തി
കൊല്ലം: ചെങ്കോട്ട - കൊല്ലം ദേശീയപാതാ വികസനത്തിന്റെ ഭാഗമായ കല്ലുംതാഴം - കരിക്കോട് - കുണ്ടറ റോഡിൽ സ്ഥലമേറ്റെടുക്കുമ്പോൾ ഉപജീവനമാർഗം നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കും. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനായി വ്യാപാരികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഇക്കാര്യം അറിയിച്ചത്. സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതും വ്യാപാരികളുടെ പുനരധിവാസവും പ്രധാനപ്പെട്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കിടയിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ആശങ്കകൾ സർക്കാർ നീതിപൂർവം പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ കൂട്ടായ സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനിതാ കുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷേയ്ഖ് പരീദ്, നാഷണൽ ഹൈവേ ബൈപ്പാസ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എൻ.എസ്. ജ്യോതി, ഡിസൈനിംഗ് വിഭാഗം ഉദ്യോഗസ്ഥർ, ടി.കെ.എം എൻജിനിയറിംഗ് കോളേജ് സിവിൽ വിഭാഗം മേധാവി സിറാജുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കരിക്കോട് ഭാഗത്ത് 30 മുതൽ 37 മീറ്റർ വരെ ഏറ്റെടുക്കും
ഗതാഗത പ്രശ്‌നങ്ങൾ ഏറെയുള്ള കരിക്കോട്ടെ ഷാപ്പ് ജംഗ്ഷൻ - സുപ്രീം ബേക്കറി ഭാഗത്ത് 30 മുതൽ 37 മീറ്റർ വരെയാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമി, സ്വന്തമായും വാടകയ്ക്കും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ സമർപ്പിക്കാൻ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി നിർദ്ദേശം നൽകി. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഡിസംബറിൽ കിഫിബിക്ക് സമർപ്പിക്കും.
മൂന്നാംകുറ്റി, കോയിക്കൽ പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ വരും ദിവസങ്ങളിൽ യോഗം ചേരും
മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ