plasma-
കൊല്ലം സബ് കളക്ടർ ശിഖാ സുരേന്ദ്രൻ, ക്രൈം ബ്രാഞ്ച് എ.സി.പി എ. അഭിലാഷ് എന്നിവർ പാരിപ്പള്ളി മെഡി. കോളേജിലെത്തി പ്ലാസ്മ ദാനം ചെയ്യുന്നു

കൊല്ലം: കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ പ്ലാസ്മ തെറാപ്പിക്ക് പ്ലാസ്മ ദാനം ചെയ്യാൻ കൊവിഡ് മുക്തി നേടിയ പൊലീസ് ഉദ്യോഗസ്ഥർ രംഗത്ത്. കൊല്ലം സിറ്റി പൊലീസിലെ വനിതകൾ ഉൾപ്പെടെ തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊവിഡ് ബാധിതരായത്. കൊവിഡ് രോഗികളുടെ ബുദ്ധിമുട്ട് അനുഭവിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ചികിത്സയിൽ കഴിയുന്നവർക്കായി പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവുകയായിരുന്നു. കൊല്ലം സിറ്റിയിലെ പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് പാരിപ്പള്ളി മെഡി. കോളേജിൽ പ്ലാസ്മ ദാന ക്യാമ്പ് നടത്താൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജി.എസ്. ജയലാൽ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തിൽ കൊല്ലം സബ് കളക്ടർ ശിഖാ സുരേന്ദ്രൻ, ക്രൈം ബ്രാഞ്ച് എ.സി.പി എ. അഭിലാഷ് എന്നിവർ പ്ലാസ്മ നൽകാനെത്തി. വരും ദിവസങ്ങളിൽ മെഡി. കോളേജിൽ നിന്ന് നൽകുന്ന സമയം അനുസരിച്ച് ഉദ്യോഗസ്ഥർ പ്ലാസ്മ നൽകാനെത്തും. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനായി എല്ലാ ജില്ലകളിലും ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പൊലീസ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി ഷിനോദാസ് പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എൻ. റോയി, മെഡിക്കൽ സൂപ്രണ്ട് ഹബീബ് നസിം, ചാത്തന്നൂർ എ.സി.പി ഷൈനു തോമസ്, പാരിപ്പള്ളി ഇൻസ്‌പെക്ടർ രൂപേഷ് രാജ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി. നായർ, ജില്ലാ ട്രഷറർ എസ്. ഷഹീർ എന്നിവർ പങ്കെടുത്തു.