photo
ഓടനാവട്ടം ജംഗ്ഷനിലെ ആൽമരം

കൊല്ലം: കൊട്ടാരക്കര- ഓയൂർ റോഡിൽ ഓടനാവട്ടം ജംഗ്ഷനിലെ പടർന്ന് പന്തലിച്ച ആൽമരം കേരളപ്പിറവിയുടെ ഹരിത സ്മാരകമാണ്. കവലയ്ക്ക് തണൽ വിരിയ്ക്കുന്ന ആൽമരത്തോട് നാട്ടുകാർക്കുള്ള താത്പര്യവും അതുതന്നെ. 1957 നവംബർ ഒന്നിന് കേരളത്തിന്റെ ഒന്നാം പിറവി ദിനത്തിൽ ജംഗ്ഷനിലെ വ്യാപാരിയായ കട്ടയിൽ നീലസദനത്തിൽ നീലാംബരനാണ് ആൽമരത്തൈ ഇവിടെ നട്ടുപിടിപ്പിച്ചത്. കൂട്ടുകാർ സഹായത്തിനുണ്ടായിരുന്നു. വെള്ളം നനച്ചും പരിപാലിച്ചും തൈ വളരാനും അവരെല്ലാമൊന്നിച്ചു. പിന്നെ ഓരോ കേരളപ്പിറവി ദിനത്തിലും ആൽമരത്തിന് ചുറ്റും അവർ ആഘോഷങ്ങളുമൊരുക്കി. ഇന്നിപ്പോൾ ഓടനാവട്ടം ജംഗ്ഷന്റെ ഐശ്വര്യമാണ് ഈ ആൽമരം. അഞ്ച് വർഷം മുൻപ് ആൽമരത്തിന് ചുറ്റുകെട്ടുണ്ടാക്കി ഭംഗി വരുത്തിയിരുന്നു. കഴിഞ്ഞ വർഷം പൂച്ചെടികളും മറ്റും ചുറ്റിനും വച്ചുപിടിപ്പിച്ചു. കേരളപ്പിറവി ദിനം വീണ്ടുമെത്തിയപ്പോൾ ആൽമരത്തിന് ആദരവ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.