കരുനാഗപ്പള്ളി: നാടിന്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭ ടൗണിൽ നിർമ്മിക്കുന്ന മുനിസിപ്പൽ ടവറിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ രാഷ്ട്രീയം കലരുന്നതോടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതെ വരും. ഇത് നാടിന്റെ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സെക്രട്ടറി എ. ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമബോർഡ് ചെയർപേഴ്സൺ സൂസൻകോടി, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, വനിതാ കമ്മിഷൻ അംഗം എം.എസ്. താര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര, സുബൈദാ കുഞ്ഞുമോൻ, മഞ്ജു തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ സ്വാഗതവും മുനിസിപ്പൽ എൻജിനിയർ എ. സിയാദ് നന്ദിയും പറഞ്ഞു.