20201029
മനു,ബിനു ദീപു

ആയൂർ:പാതവക്കിൽ നിന്ന വൻമരം കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലൂടെ മുറിഞ്ഞു വീണത് മാസങ്ങൾക്ക് മുമ്പാണ്.അതായിരുന്നു എല്ലാത്തിന്റേയും തുടക്കം.കാത്തിരിപ്പ് കേന്ദ്രം തകർന്നതോടെ ബസ് കയറാൻ വരുന്നവർ ദൂരേയ്ക്ക് മാറി നില്പായി.അതോടെ കാത്തിരിപ്പ് കേന്ദ്രവും പരിസരവും കാടുമൂടി. ഭയത്തോടെയല്ലാതെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയായി. കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്തായുള്ള ആൽച്ചുവട്ടിലേയ്ക്കും കാട് പടർന്നു.അതോടെ വെള്ളൂപ്പാറ സർക്കാർ യു.പി.എസിന് നേരേ എതിർവശത്തുള്ള കാത്തിരിപ്പു കേന്ദ്രവും ആൽത്തറയും ഉൾപ്പെടുന്ന മൂലംകോട് കവലയുടെ ഹൃദയ ഭാഗം കാടുമൂടി കിടപ്പായി.ഇതാണ് ചടയമംഗലം ഗ്രാമപ്പഞ്ചായത്തിലെ മൂലംകോട് കവലയുടെ പഴയ കഥ.

നാടിനെ മാറ്റാനിറങ്ങി യുവാക്കൾ

ഈ നാട് ഇങ്ങനെ പോര എന്നത് നാട്ടിലെ മൂന്ന് യുവാക്കൾ ഒത്തുചേർന്നപ്പോഴുണ്ടായ വെറുമൊരു തോന്നലായിരുന്നില്ല.അവരുടെ ഉറച്ച തീരുമാനമായിരുന്നു.അവിടെ തുടങ്ങിയതാണ് മൂലംകോട് സംരക്ഷണസമിതി എന്ന വാട്സാപ്പ് കൂട്ടായ്മ.ഇതറിഞ്ഞ നാട്ടുകാരും ഒപ്പം കൂടി.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നു.കാട് ചെത്തി വൃത്തിയാക്കണം,കാത്തിരിപ്പു കേന്ദ്രം പണിയണം,ടൈലൊട്ടിച്ച് മോടി പിടിപ്പിയ്ക്കണം,ആൽത്തറ കെട്ടണം,അതും ടൈലൊട്ടിച്ച് ഭംഗി വരുത്തണം,ആൽത്തറയും കാത്തിരിപ്പ് കേന്ദ്രവും ചേർത്ത് കല്ലുകെട്ടി തിരിയ്ക്കണം.എല്ലാവർക്കും ഒരേ അഭിപ്രായം.അത് അവരുടെ ഉറച്ച തീരുമാനമായി. മൂലംകോട് നിവാസികളായ പ്രവാസികളിലേയ്ക്കും വാർത്ത പറന്നു.അവരും ഒപ്പം കൂടി.ആവശ്യത്തിനുള്ള സാമ്പത്തികവും കൂടിച്ചേർന്നപ്പോൾ ഭംഗിയുള്ള കാത്തിരിപ്പു കേന്ദ്രമായി.തീരുമാനിച്ചുറപ്പിച്ചപോലെ ടൈലൊട്ടിച്ച് മോടി പിടിപ്പിച്ചത്.ആൽത്തറ കെട്ടി അതും ടൈലൊട്ടിച്ച് ഭംഗി വരുത്തി.ആൽത്തറയും കാത്തിരിപ്പു കേന്ദ്രവും ഒറ്റ കല്ലുകെട്ടിനുള്ളിലാക്കി.

മൂലംകോടിന് പുതിയ മുഖം

അങ്ങനെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന പ്രദേശം ആരെയും കൊതിപ്പിയ്ക്കുന്ന തരത്തിൽ സുന്ദരമായി.

ബിൽഡിംഗ് കോൺട്രാക്ടറായ ബിനു,പ്രവാസിയും വെൽഡിംഗ് തൊഴിലാളിയുമായ ദീപു,ഇലക്ട്രീഷനായ മനു എന്നീ മൂന്ന് ചെറുപ്പക്കാരാണ് മൂലംകോടിന് പുതിയ മുഖം നൽകാൻ ആദ്യ ചുവടുവച്ചത്.ഇനി മുന്നോട്ടുള്ള നാളുകളിൽ നാടിന് താങ്ങും തണലുമായി ഈ കൂട്ടായ്മ ഒപ്പമുണ്ടാകുമെന്ന് ഇവർ പറയുന്നു.ഈമൂന്നുയുവാക്കളും അവർക്ക് ശക്തിയും ചൈതന്യവും പകർന്നുനൽകുവാൻ ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ഒത്തുകൂടിയ നാട്ടുക്കൂട്ടവുമാണ് ഇന്ന് ചടയമംഗലത്തും പരിസര പ്രദേശങ്ങളിലും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്.