nl
സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ വിറ്റ തഴവ കടത്തൂർ സഹകരണ സംഘം

തഴവ കടത്തൂർ വ്യവസായ സംഘം ലേലത്തിൽ വിറ്റത് കഴിഞ്ഞ വർഷം

തഴവ: തകർച്ചയിലേക്ക് നീങ്ങുന്ന കു​ടി​ൽ​ ​വ്യ​വ​സാ​യ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ സ്വകാര്യ വ്യക്തികൾക്ക് ലേലത്തിൽ വിൽക്കുന്നത് തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. സാ​മൂ​ഹ്യ​-​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​യിരുന്ന​ ​സം​ഘ​ങ്ങ​ളാ​ണ് ​വി​ൽ​പ്പനയ്ക്ക് ​വെ​യ്ക്കേണ്ട ​അ​വ​സ്ഥ​യി​ലേ​ക്ക് ​അ​ധപ്പതി​ച്ച​ത്.​ ​കഴിഞ്ഞ വർഷം നവംബറിലാണ് കടത്തൂർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് സഹകരണ സംഘത്തിന്റെ ഭൂമിയും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ വിറ്റത്. പ്രദേശത്തെ കുടിൽ വ്യവസായ സംരംഭകരുടെ ക്ഷേമത്തിനായി 1971ലാണ് തഴവ കടത്തൂർ സഹകരണ സംഘം രൂപീകരിച്ചത്. തുടക്കത്തിൽ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. 600ൽ അധികം തൊഴിലാളികൾ പ്രാഥമിക അംഗങ്ങളായുണ്ടായിരുന്ന സംഘത്തിൽ പ്രസിഡന്റ് ഉൾപ്പടെ ഏഴംഗ സമിതിയാണ് ഭരണം നടത്തിയിരുന്നത്. തഴപ്പാനെയ്ത്ത് തൊഴിലാളികൾക്ക് തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും തൊഴിൽ യൂണിറ്റുകൾ തുടങ്ങാൻ വായ്പകൾ നൽകുകയും ചെയ്തിരുന്ന സംഘം പിന്നീട് തൊഴിലാളികൾക്ക് ഗ്രാന്റ് നൽകുന്ന നിലയിലേക്ക് വളർന്നിരുന്നു.

കടക്കെണിയിൽ അകപ്പെട്ടത് 2001ൽ

1974ൽ കടത്തൂരിൽ 17 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയ സംഘം എൺപത്തി അഞ്ചിൽ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണവും പൂർത്തീകരിച്ചു. 2001 കാലഘട്ടത്തിലാണ് സംഘം കടക്കെണിയിൽ അകപ്പെട്ടത്. ബോർഡ് നിർദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിലുണ്ടായ വീഴ്ചകളും വായ്പാത്തുക തിരിച്ചടയ്ക്കുന്നതിലുണ്ടായ കാലതാമസവുമാണ് കടക്കെണിക്ക് കാരണം. ജപ്തി ഭീഷണിയിൽ പിന്നെയും നിരങ്ങിനീങ്ങിയ സംഘം ഇക്കഴിഞ്ഞ വർഷം റവന്യൂ ലേലത്തിന് വിധേയമാവുകയായിരുന്നു.

സംഘത്തിന് സ്വന്തമായുണ്ടായിരുന്ന ഭൂമിക്കും കെട്ടിടത്തിനുമായി 34 ലക്ഷം രൂപയാണ് ലേലത്തിൽ ലഭിച്ചത്. സ്ഥാപനത്തിന്റെ ബാദ്ധ്യതയായ 17 ലക്ഷം രൂപ കഴിച്ച് ബാക്കി തുക റവന്യൂ വകുപ്പിൽ സൂക്ഷിക്കുന്നതായാണ് അറിവ്.

പൊന്നമ്മ പടിയിറങ്ങിയത് 2003ൽ

ലേലത്തോടുകൂടി തഴവ കടത്തൂർ സഹകരണ സംഘം ഓർമ്മ മാത്രമായെങ്കിലും ഈ സ്ഥാപനത്തിനു വേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ ചെലവഴിച്ച പൊന്നമ്മയ്ക്ക് ഒന്നും മറക്കാനാവില്ല. 1975ൽ ഈ സംഘത്തിൽ പെയ്ഡ് ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവർ സ്ഥാപനം തകർന്നതോടെ പെരുവഴിയിലായി. 75ൽ 2000 രൂപയാണ് പൊന്നമ്മ ജോലിക്കായി സ്ഥാപനത്തിൽ സ്ഥിരനിക്ഷേപം നടത്തിയത്. എന്നാൽ യാതൊരു ആനുകൂല്യവും ലഭിക്കാതെ 2003ലാണ് സാമ്പത്തികമായി തകർന്നുകൊണ്ടിരുന്ന സംഘത്തിൽ നിന്ന് ഇവർ പടിയിറങ്ങിയത്. അന്നു മുതൽ സംസ്ഥാന ഖാദി ബോർഡ് അധികൃതർ ഉൾപ്പടെ നിരവധി പേർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.

ചെറിയ തുക വേതനം വാങ്ങി മുപ്പത്തിമൂന്ന് വർഷമാണ് സംഘത്തിൽ സേവനമനുഷ്ഠിച്ചത്. സ്ഥാപനം കടക്കെണിയിലായതോടെ ജോലി നഷ്ടപ്പെട്ട ഞാൻ അന്നു മുതൽ ആനുകൂല്യത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അർഹമായ സാമ്പത്തിക ആനുകൂല്യം നൽകാൻ അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

പൊന്നമ്മ

ജോബി ഭവനം, തഴവ കടത്തൂർ സഹകരണ സംഘത്തിന്റെ പഴയ സെക്രട്ടറി

സാധാരണക്കാർക്ക് പ്രയോജനകരമായിരുന്ന ഒരു സ്ഥാപനമാണ് നഷ്ടമായത്. ഇതിന്റെ പുനരുജ്ജീവനത്തിന് ജനകീയ ഇടപെടൽ ഉണ്ടാകാതിരുന്നതാണ് സ്ഥാപനം ലേലത്തിൽ പോകാൻ കാരണം.

ബിജു വാലേൽ, പൊതുപ്രവർത്തകൻ