esi

കൊല്ലം: നൂറ് കണക്കിന് രോഗികളെ പ്രതിസന്ധിയിലാക്കി ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ വീണ്ടും കാൻസർ ചികിത്സ നിലച്ചു. കരാർ അടിസ്ഥാനത്തിൽ അടുത്തിടെ നിയമിച്ച വനിതാ ഡോക്ടർ ജോലി ഉപേക്ഷിച്ച് പോയതാണ് പ്രശ്നം. ഇവിടെ ചികിത്സ നടത്തിയിരുന്ന നൂറ് കണക്കിനാളുകൾ ആയിരങ്ങൾ വണ്ടിക്കൂലി മുടക്കി തിരുവനന്തപുരം ആർ.സി.സിയിൽ പോകേണ്ട അവസ്ഥയാണ്.

സൂപ്പർ സ്പെഷ്യാലിറ്റി ആനുകൂല്യമുള്ളവർക്കേ ആർ.സി.സിയിൽ നിന്ന് മരുന്ന് സൗജന്യമായി ലഭിക്കൂ. അല്ലാത്തവർ ആഴ്ചതോറും കീമോതെറാപ്പിക്കുള്ള മരുന്ന് വാങ്ങാൻ പതിനായിരങ്ങൾ കടം വാങ്ങേണ്ട അവസ്ഥയാണ്. ഇവിടെ ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ റേഡിയേഷന് മാത്രം ഇ.എസ്.ഐയുമായി ധാരണയുള്ള ആർ.സി.സിയിലോ തിരുവനന്തപുരത്തെ തന്നെ മറ്രൊരു സ്വകാര്യ ആശുപത്രിയിലോ പോയാൽ മതിയായിരുന്നു. കീമോ തെറാപ്പി ഇവിടെ തന്നെ നടക്കുമായിരുന്നു.

കഴിഞ്ഞ ജനുവരി മുതൽ ഏകദേശം മൂന്ന് മാസത്തോളം സമാനമായ അവസ്ഥയായിരുന്നു. അതുവരെ ജോലി ചെയ്തിരുന്ന ഓങ്കോളജിസ്റ്റിന്റെ കരാർ കലാവധി അവസാനിച്ചതോടെ രോഗികൾ പെരുവഴിയിലായി. പിന്നീട് നിയമിച്ച ഡോക്ടറാണ് ഇപ്പോൾ ജോലി ഉപേക്ഷിച്ചത്.

 വമ്പൻ ശമ്പളം എന്നിട്ടും ഡോക്ടറില്ല

നാല് ദിവസം നാല് മണിക്കൂർ വീതം ജോലി ചെയ്യുന്ന പാർട്ട് ടൈം നിയമനമാണെങ്കിൽ 85000 രൂപയാണ് പ്രതിമാസ ശമ്പളം. ‌അടിയന്തര ഘട്ടങ്ങളിൽ വരാൻ തയ്യാറാണെങ്കിൽ പ്രതിമാസം 20000 രൂപ കൂടി അധികമായി നൽകും. ശനിയാഴ്ച 9 മുതൽ 1 വരെയും ഞായർ ഒഴികെ ബാക്കിയുള്ള ദിവസങ്ങളിൽ 9 മുതൽ 4 വരെയുള്ള ഫുൾ ടൈം സേവനത്തിന് 1,75,000 രൂപയാണ് ശമ്പളം. പക്ഷെ നേരത്തെ അപേക്ഷ ക്ഷണിച്ചിട്ട് ആരുമെത്തിയില്ല. രണ്ടാമത് വീണ്ടും അപേക്ഷ ക്ഷണിച്ചാണ് വനിതാ ഡോക്ടറെ നിയമിച്ചത്.

 കാൻസർ ചികിത്സ ആരംഭിച്ചിട്ട്: 4 വർഷം

 പ്രതിമാസം എത്തുന്ന രോഗികൾ: 300

 ഡോക്ടറുടെ ശമ്പളം: 85,000 (പാർട്ട് ടൈം)

 മുഴുവൻ സമയം: 1,75,000

''

വമ്പൻ ശമ്പളം വാഗ്ദാനം ചെയ്തിട്ടും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഓങ്കോളജിസ്റ്റുകളെ കിട്ടുന്നില്ല.

ഇ.എസ്.ഐ ആശുപത്രി അധികൃതർ