
കൊല്ലം: ശരാശരി ആയിരം വോട്ടർമാരുള്ള ഒരു പഞ്ചായത്ത് വാർഡിൽ ജയിച്ച് കയറാൻ പരമാവധി 500 പേരുടെ പിന്തുണ മതിയാകും. അതായത് 200 വീടുകളുമായി നിരന്തര ബന്ധമുള്ളയാൾക്ക് പഞ്ചായത്ത് വാർഡിലെ വിജയം ഒരു ബാലികേറാമലയല്ലെന്ന് ചുരുക്കം.
രാഷ്ട്രീയ മുന്നണികൾ ആശയവും വികസനവും പറഞ്ഞാണ് പരസ്പരം മത്സരിക്കുന്നതെങ്കിലും മതവും ജാതിയും ഉപജാതിയും തിരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗപ്പെടുത്താൻ അവർ ശ്രമിക്കുമെന്നാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളൊക്കെ കാണിക്കുന്നത്. വ്യക്തിബന്ധം, ബന്ധുബലം എന്നിവ പോലെ ജാതി - മത സമവാക്യങ്ങളും സ്ഥാനാർത്ഥി നിർണയത്തിലെ രഹസ്യ മാനദണ്ഡങ്ങളിലൊന്നായി മാറികഴിഞ്ഞു.
വലിയ വ്യക്തി പ്രഭാവമുള്ള പ്രാദേശിക നേതാക്കളെ ഒഴിച്ചുനിറുത്തിയാൽ പൊതുവെ സ്ഥാനാർത്ഥി നിർണയത്തിൽ ഇതെല്ലാം പരിഗണിക്കാതെ വയ്യെന്നാണ് നേതാക്കളും പറയുന്നത്.
ഇത്തവണയും സ്ഥാനാർത്ഥി നിർണയം പൂർത്തിയായ സ്ഥലങ്ങളിലൊക്കെ മുന്നണികൾ ഇത്തരം ഘടകങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
കൊവിഡ് കാലത്ത് വീടുകൾ കയറിയിറങ്ങി ആദ്യ ഘട്ട വോട്ടുറപ്പിക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. കല്യാണ റിസപ്ഷൻ നടക്കുന്ന വീട്ടിൽ ഒരു കസേരയിട്ട് വെറുതെ ഇരുന്നാൽ മതി, വോട്ടർമാരെല്ലാം ഇങ്ങോട്ട് വരും. വല്ലവരുടെയും ചെലവിൽ വെയിൽ കൊള്ളാതെ, നാടാകെ കറങ്ങാതെ ഒരു പ്രാഥമിക വോട്ടുറപ്പിക്കലും സ്നേഹം പങ്കുവയ്ക്കലും ആകാമല്ലോ?
 കൊവിഡ് കാലത്തെ വോട്ടുറപ്പിക്കൽ ഇങ്ങനെ
1. ജാതി - മത സംഘടനകളുടെ പ്രാദേശിക നേതാക്കളെ കണ്ടുള്ള പിന്തുണ അഭ്യർത്ഥിക്കൽ
2. കല്യാണ, നിശ്ചയ, മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം
3. ചടങ്ങുകൾക്ക് വരുന്നവർക്കുള്ള ഭക്ഷണപ്പൊതി നൽകാനും രാഷ്ട്രീയക്കാർ
4. ഗൃഹനാഥനേക്കാൾ കരുതലോടെയുള്ള കുശലാന്വേഷണവും യാത്രയയ്ക്കലും
5. വ്യക്തിബന്ധം, ബന്ധുബലവും ഓർമ്മിപ്പിച്ച് വോട്ട് ഉറപ്പിക്കൽ