abhi

കൊല്ലം: വീടിനു മുന്നിലെ വഴിയിലേയ്ക്ക് മലിനജലം ഒഴുക്കുന്നതിനെ

എതിർത്തതിന്റെ പേരിൽ യുവതിയെ അൽവാസി കുത്തിക്കൊന്നു. ആദ്യം ആക്രമണത്തിന് ഇരയായ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകളെ കുത്തിവീഴ്ത്തുകയായിരുന്നു. കൊല്ലം ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷന് സമീപം സ്നേഹനഗറിൽ ദാമോദർ മന്ദിരത്തിൽ മോസസ് ദാമോദർ - ലീന മോസസ് ദമ്പതികളുടെ മകൾ അഭിരാമിയാണ് (24) കൊല്ലപ്പെട്ടത്.

മാതാവ് ലീന മോസസ് (48) കഴുത്തിലും തോളെല്ലിന് താഴെയും കുത്തേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരെയും ആക്രമിച്ച ഫാമിലി നഗർ പഴയത്ത് വീട്ടിൽ ഉമേഷ് ബാബുവിനെ (62), കൈയിലിരുന്ന കത്തി തുടയിൽ തുളച്ചുകയറിയ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: രണ്ട് സെന്റ് സ്ഥലത്ത് താമസിക്കുന്ന ഉമേഷ് ബാബുവും ഭാര്യയും മകളുമടങ്ങിയ കുടുംബം വീട്ടിലെ മലിനജലം മതിൽ തുളച്ച് പിന്നിലെ റോഡിലേക്കാണ് ഒഴുക്കിയിരുന്നത്. അഭിരാമിയുടെ കുടുംബം അടക്കം എട്ടുവീട്ടുകാർ പൊലീസിൽ പരാതി നൽകി അതു വിലക്കി.

വ്യാഴാഴ്ച രാത്രി ലീന അയൽവാസിയുടെ വീട്ടിലേക്ക് പോകവേ ഉമേഷിന്റെ ഭാര്യയും മകളും മൊബൈലിൽ പകർത്തി. ഇതു ചോദ്യം ചെയ്തതോടെ കത്തിയുമായി പാഞ്ഞെത്തിയ ഉമേഷ് ലീനയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റു. നിലവിളി കേട്ടെത്തിയ അഭിരാമിയെ അടിവയറ്റിൽ കുത്തിവീഴ്ത്തുകയായിരുന്നു. ഓടാൻ ശ്രമിച്ച ഉമേഷ് പിടിവലിക്കിടെ

നിലത്തുവീണ് കത്തി തുളച്ചു കയറി.

അയൽവാസി ഓട്ടോയിൽ അമ്മയെയും മകളെയും തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ലീന അപകടനില തരണം ചെയ്തിട്ടില്ല.

ബിരുദധാരിയായ അഭിരാമി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബംഗളൂരുവിലായിരുന്ന സഹോദരൻ ക്ളിന്റ് മോസസ് ഇന്നലെ നാട്ടിലെത്തി. ഗൾഫിൽ നിന്ന് പിതാവ് മോസസ് ദാമോദർ ഇന്നെത്തും. ഇതിനുശേഷം സംസ്കാരം നടത്തും.