
സമാനകേസുകളുടെ വിചാരണയും ഇനി ഈ കോടതികളിൽ
കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമപ്രകാരം (ബാനിംഗ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് - ബഡ്സ്) വിചാരണ നടത്തും. സംസ്ഥാനത്തെ രണ്ട് കോടതികളിലായിരിക്കും വിചാരണ. തെക്കൻ ജില്ലകളിലെ കേസുകൾ ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി മൂന്നും വടക്കൻ ജില്ലകളിലേത് തൃശൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി മൂന്നുമാണ് പരിഗണിക്കുക. രണ്ട് കോടതികൾക്കും ചുമതല നൽകി ഹൈക്കോടതി ഉത്തരവായി. സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച് ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു.
സമാനമായ സാമ്പത്തിക തട്ടിപ്പുകേസുകളുടെയും വിചാരണ ഇനി ഈ കോടതികളിലാകും നടക്കുക.
ഇത്തരം കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ജില്ലാ ജഡ്ജിമാരോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പോപ്പുലർ ഫിനാൻസിന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും അതത് ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് കഴിഞ്ഞു. കണ്ടുകെട്ടുന്ന തുകയും സ്വത്തുക്കൾ ലേലം ചെയ്‌തോ വിറ്റോ കിട്ടുന്ന തുകയും ബന്ധപ്പെട്ട കോടതികളാവും നിക്ഷേപകർക്ക് തിരിച്ചുകൊടുക്കുക. അത് എങ്ങനെയെന്ന് പിന്നീട് തൃശൂരിലെയും ആലപ്പുഴയിലെയും കോടതികൾ തീരുമാനിക്കും.
ബഡ്സ് ആക്ട്
. വലിയ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തുന്നവരെ പൂട്ടുന്നതാണ് നിയമം.
. സംസ്ഥാനത്തെ എല്ലാ പണമിടപാട് സ്ഥാപനങ്ങളും ഇനി ബഡ്‌സ് ആക്ടിന്റെ കീഴിൽ വരും.
. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ 15 ദിവസത്തിനുള്ളിൽ പണമിടപാട് സ്ഥാപനം പൂട്ടാം.
. കേസെടുത്താൽ പണമിടപാട് സ്ഥാപനം ഒരു വർഷത്തിനുള്ളിൽ നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും റദ്ദാക്കി സ്വത്ത് തിരിച്ചുപിടിക്കാനുമാകും.
 1,600 കോടിയുടെ തട്ടിപ്പ്
കേരളത്തിലെ വമ്പൻ നിക്ഷേപ തട്ടിപ്പുകളിലൊന്നാണ് പോപ്പുലർ ഫിനാൻസിന്റേത്. 20,000ത്തിലേറെ പേരിൽ നിന്നായി 1,600 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.
റോയിയുടെ ജാമ്യാപേക്ഷ തീർപ്പാക്കി
പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ജാമ്യത്തിനായി പ്രതി റോയി ഡാനിയലിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇയാളുടെ ജാമ്യ ഹർജി തീർപ്പാക്കി. പണം നഷ്ടപ്പെട്ടെന്നാരോപിച്ച് ആനിയമ്മ എന്ന സ്ത്രീ നൽകിയ കേസിൽ റോയ് തോമസ് ഉൾപ്പെടെ പ്രതികൾ ആഗസ്റ്റ് 30 നാണ് അറസ്റ്റിലായത്. കസ്റ്റഡിയിൽ 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ വിചാരണക്കോടതിയിൽ സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാമെന്നും നിക്ഷേപത്തട്ടിപ്പ് കേസുകൾ പരിഗണിക്കുന്ന ആലപ്പുഴയിലെ പ്രത്യേക കോടതിയെ സമീപിക്കാനുമാണ് നിർദ്ദേശം.
പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചു
ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ ജാമ്യത്തിനായി ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി മൂന്നിൽ സമർപ്പിച്ച ജാമ്യാപേക്ഷ വാദത്തിനായി നവംബർ രണ്ടിലേക്കു മാറ്റി.
പോപ്പുലർ ഫിനാൻസ്  ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ മറിയം തോമസ് എന്നിവരാണ്  കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയത്.
പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് ബന്ധപ്പെട്ട സെഷൻസ് കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.