photo
നെടുവത്തൂർ പ്ളാമൂട് ജംഗ്ഷനിലെ ഓട നിർമ്മാണം

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി നെടുവത്തൂരിൽ ഓട നിർമ്മാണം തുടങ്ങി. പ്ളാമൂട്, പെട്രോൾ പമ്പ് ജംഗ്ഷൻ, കിള്ളൂർ, ആഗ്രോ സെന്റർ ഭാഗങ്ങളിലായി ഒരേ സമയം നാലിടത്തായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു

നെടുവത്തൂർ ആഗ്രോ സെന്ററിന് സമീപത്തായി കലുങ്ക് പൊളിച്ച് പണിയുന്നുണ്ടെങ്കിലും ഇതിന്റെ നിർമ്മാണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുന്നതായി ആക്ഷേപവുമുണ്ട്. രണ്ടാഴ്ചയായി ഇവിടെ നിർമ്മാണ ജോലികൾ തുടങ്ങിയിട്ട്. വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതിനാൽ നിർമ്മാണം ഇഴയുകയും തിരക്കേറിയ റോഡിൽ ഗതാഗത തടസമുണ്ടാവുകയുമാണ്.

വെള്ളക്കെട്ട് ഒഴിവാകും

അമ്പലത്തുംകാലയ്ക്കും പുനലൂരിനും ഇടയിൽ എട്ട് കലുങ്കുകളാണ് പുനർ നിർമ്മിക്കുന്നത്. ഇതിൽപ്പെടുന്നതാണ് നെടുവത്തൂർ ആഗ്രോ സെന്ററിന്റെ ഭാഗത്തെ വിവാദത്തിലുള്ള കലുങ്ക്. നെടുവത്തൂർ പ്ളാമൂട് ജംഗ്ഷനിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്ന തരത്തിലാണ് ഓട നിർമ്മിക്കുന്നത്. കനത്ത മഴപെയ്യുമ്പോൾ ആനക്കോട്ടൂർ റോഡിൽ നിന്നും ശക്തമായി നീരൊഴുക്കുണ്ടാകും. ഇത് ദേശീയ പാതയിലേക്കിറങ്ങി റോഡ് നിറഞ്ഞൊഴുകുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടുകോടി രൂപ മുടക്കി കൊട്ടാരക്കര പട്ടണത്തിൽ ഓടകൾ നവീകരിച്ചിരുന്നെങ്കിലും വെള്ളക്കെട്ട് മാറിയിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുമുണ്ട്. ദേശീയപാതയിൽ അമ്പലത്തുംകാല മുതൽ പുനലൂർവരെയുള്ള 25 കിലോമീറ്റർ ദൂരമാണ് ഇപ്പോൾ നവീകരണ ജോലികൾ നടക്കുന്നത്. ആദ്യഘട്ട ജോലികൾ പൂർത്തീകരണഘട്ടത്തിലാണ്. റോഡ് രണ്ട് നിര ടാറിംഗ് നടത്തി ബലപ്പെടുത്തുന്നതുൾപ്പടെ 40 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.