
പത്തനാപുരം: മൺകൂരയിൽ സഹോദരിക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരി ആദിത്യയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത് വീടിന് വാവ സുരേഷ് തറക്കല്ലിട്ടു. 800 ചതുരശ്ര അടി വിസ്തീർണത്തിൽ പതിമ്മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് വാവ സുരേഷ് പത്തനാപുരം മാങ്കോട് ചരുവിള പുത്തൻവീട്ടിൽ രാജീവ് - സിന്ധു ദമ്പതികളുടെ വീട്ടിലെത്തി പുതിയ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തത്. പ്രവാസി മലയാളികൾ തനിക്ക് വീട് നിർമിക്കുന്നതിനായി നൽകിയ പണം ഉപയോഗിച്ചാണ് വാവ ഈ വീട് നിർമ്മിക്കുന്നത്. കേരളകൗമുദി ഇക്കാര്യം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു
കല്ലിടൽ ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം കെ.പി.രാജു, ആർ.രാജേഷ്, അശോകൻ, ശങ്കർ, ആദിത്യയുടെ മാതാപിതാക്കളായ രാജീവ്, സിന്ധു എന്നിവരും പങ്കെടുത്തു. ഈ മാസം നാലിനാണ് വീട്ടിനുള്ളിലെ മാളത്തിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് ആദിത്യ മരിച്ചത്.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറും.
വാവ സുരേഷ്