
 അടുത്തയാഴ്ച നിർമ്മാണം തുടങ്ങും
കൊല്ലം: നഗരത്തിലെ മൂന്നാമത്തെ നടപ്പാലത്തിന്റെ നിർമ്മാണം കോൺവെന്റ് ജംഗ്ഷനിൽ അടുത്തയാഴ്ച തുടങ്ങും. വളരെ നേരത്തെ തന്നെ കരാറായെങ്കിലും രൂപരേഖയിലെ മാറ്റങ്ങൾ കാരണമാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങാൻ വൈകിയത്. ആറ് മാസമാണ് നിർമ്മാണ കാലാവധിയെങ്കിലും അതിന് മുൻപേ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് പാർവതി മില്ലിന് സമീപമുള്ള കോൺവെന്റ് ജംഗ്ഷൻ. വാഹനങ്ങളുടെ തിരക്ക് കാരണം സെന്റ് ജോസഫ് കോൺവെന്റിലെ വിദ്യാർത്ഥികളും ജില്ലാ ആശുപത്രിയിലെത്തുന്ന പ്രായമായ രോഗികളും ഇവിടത്തെ റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. നഗരത്തിലെ വിവിധ വസ്ത്രശാലകളിലെ നൂറ് കണക്കിന് ജീവനക്കാരക്കടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. പുതിയ നടപ്പാലം വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
 വരുന്നത് സ്റ്റീൽ പാലം
ഹൈസ്കൂൾ ജംഗ്ഷനിലും ചെമ്മാംമുക്കിലും നിർമ്മാണം പൂർത്തിയായ പാലങ്ങളുടെ പടി കോൺക്രീറ്റാണ്. എന്നാൽ കോൺവെന്റ് ജംഗ്ഷനിലെ നടപ്പാലം പൂർണമായും സ്റ്റീലും അനുബന്ധ ഘടകങ്ങളും ഉപയോഗിച്ചാകും നിർമ്മിക്കുക. ഏതെങ്കിലും ഘട്ടത്തിൽ പൊളിച്ചുനീക്കേണ്ടി വന്നാൽ കോൺക്രീറ്ര് അവശിഷ്ടങ്ങൾ ഉണ്ടാകില്ലെന്നതിനൊപ്പം സ്റ്റീൽ വീണ്ടും പ്രയോജനപ്പെടുത്താനുമാകും. കൊല്ലത്തിന്റെ അടയാളമായ ക്ലോക്ക് ടവറിന്റെ മാതൃകയിലാകും ഇരുവശത്തെയും തൂണുകൾ.
 നിർമ്മാണ ചെലവ് 66 ലക്ഷം രൂപ
 തറനിരപ്പിൽ നിന്ന് 5 മീറ്റർ ഉയരം.
 31 മീറ്റർ നീളം
 2 മീറ്റർ വീതി