
കൊല്ലം: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 7.4 ക്വിന്റൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഒമ്പത് മുതൽ 68 പഞ്ചായത്തുകളിലും ഒരേ സമയമായിരുന്നു പരിശോധന. 117 സംഘങ്ങൾ 4,892 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ പരിശോധനയിലുണ്ടായ കുറവിനെ തുടർന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വൻ തോതിൽ വിപണിയിലെത്തിയത്. മാർച്ച് 10ന് നടത്തിയ പരിശോധനയിലും വൻ തോതിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ജില്ലയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന വ്യാപാരികളിൽ നിന്ന് പിഴ ഈടാക്കി. ഇന്നലെ നടപടിക്ക് വിധേയരാവയിൽ നിന്ന് വീണ്ടും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്താൽ ഉയർന്ന പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധന ഇങ്ങനെ
1. 68 പഞ്ചായത്തുകളിലും ഇന്നലെ ഒരേസമയം
2. പഞ്ചായത്ത് സെക്രട്ടറിമാർ നേതൃത്വം നൽകി
3. ജില്ലയിലുടനീളം 117 സംഘങ്ങൾ
4. 4,892 സ്ഥാപനങ്ങളിൽ
5. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
6. 638 സ്ഥാപനങ്ങൾക്ക് നോട്ടീസ്
പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ: 7.4 ക്വിന്റൽ
''
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പൂർണമായി അവസാനിക്കുന്നതുവരെ പരിശോധന തുടരും. തുടർന്നുള്ള പരിശോധനകളിൽ നിരോധിത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കും.
ബിനുൻ വാഹിദ്
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ