
കൊല്ലം: കാറിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ മുൻ പ്രതിയുൾപ്പെടെ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. ചിന്നക്കട ആണ്ടാമുക്കം കുളത്തിൽ പുരയിടം അഖിൽ ഭവനത്തിൽ 'ചിന്നക്കട ഉണ്ണി' എന്ന് അറിയപ്പെടുന്ന അനിൽകുമാർ (57), സഹായിയും കൂട്ടാളിയുമായ നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (51) എന്നിവരെയാണ് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്ക് ഉപയോഗിച്ചുവന്ന കാറും കഞ്ചാവ് വിറ്റ വകയിൽ ലഭിച്ച 3000 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
രാത്രികാലങ്ങളിൽ ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിൽ കാറിലെത്തി മത്സ്യത്തൊഴിലാളികൾക്കും മറ്റും കഞ്ചാവ് വിൽക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീം നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സി.ഐ നൗഷാദും മറ്റ് ഉദ്യോഗസ്ഥരും പിന്തുടരുകയും ശക്തികുളങ്ങര ഭാഗത്ത് വച്ച് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞ് പിടികൂടുകയായിരുന്നു.
ഓട്ടോ ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെ ഏജന്റുമാരാക്കിയാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. അഞ്ഞൂറ് ഗ്രാമിന്റെ ഒരു പാക്കറ്റ് ഏജന്റുമാർക്ക് 3000 രൂപ നിരക്കിലാണ് നൽകിയിരുന്നത്. ഗ്രാമിന് 300 രൂപാ നിരക്കിലാണ് ചില്ലറ വിൽപ്പന. ടാക്സിയായി രജിസ്റ്റർ ചെയ്ത കാറിൽ യാത്രക്കാരുമായി പോകുന്നുവെന്ന രീതിയിൽ കൂട്ടാളികളുമായി തമിഴ്നാട്ടിൽ പോയാണ് ഉണ്ണി വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്നിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർ ശ്യാംകുമാർ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്, ശ്രീനാഥ്, നിതിൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.