 
 ഡി.സി.സി പ്രസിഡന്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് നീക്കി
 മുഖ്യമന്ത്രി അധോലോക നായകനെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: സ്വർണക്കടത്തിന്റെയും മയക്കുമരുന്ന് മാഫിയകളുടെയും കേന്ദ്രമായി ഓഫീസ് മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ റോഡ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
അധോലോക നായകനാണ് മുഖ്യമന്ത്രിയെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ഉപദേശകൻമാരുടെ തണലിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവം നടിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ മയക്കുമരുന്ന് കച്ചവടക്കാരന് സാമ്പത്തിക സഹായം നൽകുന്ന ഏജന്റായാണ് അറസ്റ്റിലായത്. ധാർമ്മികത ഉണ്ടെങ്കിൽ കോടിയേരി പാർട്ടി സെക്രട്ടറി പദവും പിണറായി മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കണമെന്നും ബിന്ദുകൃഷ്‌ണ ആവശ്യപ്പെട്ടു.
കെ.പി.സി.സി സെക്രട്ടറിമാരായ സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, പി. ജർമ്മിയാസ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് ബിന്ദുകൃഷ്ണ ഉൾപ്പെടെ ഉള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ കാൽവഴുതി ബിന്ദുകൃഷ്ണയും വനിതാ പൊലീസ് ഉദ്യോഗസ്ഥരും നിലത്തുവീഴുകയും ചെയ്തു.