
കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഒരു മാസം മുമ്പ് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 വരെ നീട്ടി. സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ഇന്നലെ ആദ്യ ഘട്ട നിരോധനാജ്ഞയുടെ കാലാവധി അവസാനിച്ചിരുന്നു. ജില്ലയിലെ കൊവിഡ് വ്യാപന സ്ഥിതി നിയന്ത്രണ വിധേയമായില്ലെന്ന ആരോഗ്യ വകുപ്പിന്റെയും ജില്ലാ പൊലീസ് മേധാവിമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. നിരോധനാജ്ഞ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ് മേധാവിമാർക്ക് കളക്ടർ നിർദേശം നൽകി.
 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. പൊതു ഇടങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരരുത്
2. വിവാഹ സത്കാരങ്ങൾക്ക് 50 പേരും സംസ്കാര ചടങ്ങുകളിൽ 20 പേരും മാത്രം
3. സർക്കാർ - മതപരമായ ചടങ്ങുകൾ, പ്രാർത്ഥനകൾ എന്നിവയിൽ 20 പേർ
4. ചന്തകൾ, ബസ് സ്റ്റാൻഡ്, ഓഫീസുകൾ, കടകൾ, തൊഴിലിടങ്ങൾ, പരീക്ഷകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം
5. പൊതു പരീക്ഷകൾ മുടക്കമില്ലാതെ നടക്കും
6. കൊവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേക പരീക്ഷാ ഹാൾ അനുവദിക്കണം
7. പൊതു സ്ഥലങ്ങൾ, ചന്തകൾ എന്നിവിടങ്ങൾ അണുനശീകരണം നടത്തേണ്ടതിന്റെ ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ്
8. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ല