photo
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന കേശവപുരത്തെ സ്റ്റോറേജ്

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ തണ്ണീർത്തടങ്ങളുടെയും നീർച്ചാലുകളുടെയും സംരക്ഷണത്തിനായി ഹരിത കർമ്മ സേന നടത്തുന്ന പ്രവർത്തനങ്ങൾ നാടിന് മാതൃകയാകുന്നു. 2018 മുതൽ കരുനാഗപ്പള്ളി നഗരസഭയിൽ 35 ഡിവിഷനുകളിലും ഹരിത കർമ്മ സേന പ്രവർത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ കുന്നുകൂടാൻ തുടങ്ങിയതോടെയാണ് ഹരിത കർമ്മ സേനയെന്ന ആശയം കരുനാഗപ്പള്ളി നഗരസഭയിൽ ഉയർന്നുവന്നത്. ആദ്യഘട്ടത്തിൽ നാട്ടുകാരിൽ നിന്ന് വേണ്ടത്ര സഹകരണം സംഘടനയ്ക്ക് ലഭിച്ചിരുന്നില്ല. എന്നിട്ടും സേനയുടെ പ്രവർത്തകർ ക്രിയാത്മകമായി തങ്ങളുടെ ജോലി തുടർന്നു. വീടുകളിലെ ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുകയും ഖര - പ്ലാസ്റ്റിക് മാലിന്യങ്ങൾ കർമ്മ സേനയുടെ പ്രവർത്തകർ വീടുകളിലെത്തി ശേഖരിച്ച് തുടങ്ങുകയും ചെയ്തതോടെ നാട്ടുകാരിലും പുതിയ മനോഭാവം വളർന്നു.

7 ഡിവിഷനുകൾ കേന്ദ്രീകരിച്ച് ഒരു ക്ലസ്റ്റർ

വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കവറുകളിൽ സൂക്ഷിക്കാൻ തുടങ്ങിയതോടെ ഏഴ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് ഒരു ക്ലസ്റ്റർ രൂപപ്പെട്ടു. ഒരു ക്ലസ്റ്ററിൽ 7 ഡിവിഷനുകളിൽ നിന്ന് തിര‌ഞ്ഞെടുക്കപ്പെട്ട 14 പേരുണ്ടായിരിക്കും. സേനയ്ക്ക് ക്ലസ്റ്റർ തലത്തിൽ ഒരു ചെയർമാനും കൺവീനറുമുണ്ട്. ഒരു സേനാ അംഗത്തിന് 300 രൂപാ നൽകാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. വീടുകളിൽ നിന്ന് ശേഖരിക്കുന സർവീസ് ചാർജിൽ നിന്ന് പണം പോരാതെ വന്നാൽ വൈവിലിറ്റ് ഗ്യാസ് ഫണ്ടിൽ നിന്ന് പണം നൽകുമെന്നാണ് അറിയുന്നത്.

പ്ലാസ്റ്റിക് വിവിധതരം ഉത്പന്നങ്ങളാക്കും

തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി മാസത്തിൽ 30 ദിവസവും കർമ്മ സേനാ അംഗങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതിയും നഗരസഭയുടെ പരിഗണനയിലാണ്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കേശവപുരം ഡിവിഷനിൽ നഗരസഭയ്ക്ക് സ്വന്തമായുള്ള സ്ഥലത്തെത്തിച്ച് വിവിധതരം ഉത്പന്നങ്ങളാക്കി മാറ്റി പല ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു. നഗരസഭയിൽ പുതിയോരു പരിസ്ഥിതി സംസ്കാരം വളർത്തിയെടുക്കാൻ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ക്ലീൻ കേരള കമ്പനിയാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

 50 രൂപ

ഒരു വീട്ടിൽ നിന്ന് 50 രൂപയാണ് നഗരസഭയുടെ അനുവാദത്തോടെ സർവീസ് ചാർജായി ഇവർ ഈടക്കിയത്.ഇതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡുകളിലേക്കും നീർച്ചാലുകളിലേക്കും വലിച്ചെറിയുന്ന രീതി വലിയ അളവിൽ അപ്രത്യക്ഷമായി.

 2018 മുതൽ കരുനാഗപ്പള്ളി നഗരസഭയിൽ 35 ഡിവിഷനുകളിലും ഹരിത കർമ്മ സേന പ്രവർത്തിക്കുന്നുണ്ട്.