 
കൊല്ലം: മഴ സാദ്ധ്യത പൂർണമായും മാറുന്നതോടെ ഞാങ്കടവ് പദ്ധതിയുടെ ഭാഗമായുള്ള തടയണയുടെ നിർമ്മാണം തുടങ്ങും. ഈ മാസം പകുതിയോടെ നിർമ്മാണം ആരംഭിക്കാനാണ് നിലവിലെ ധാരണ. ശക്തമായ മഴ പെയ്താൽ തെന്മല ഡാമിന്റെ ഷട്ടർ ഉയർത്തുന്നതോടെ കൂടുതൽ ജലം ഒഴുകിയെത്താനുള്ള സാദ്ധ്യതയുണ്ട്. ഇത് നിർമ്മാണത്തെ ബാധിക്കും. അതുകൊണ്ടാണ് മഴ പൂർണമായി മാറിയ ശേഷം നിർമ്മാണം ആരംഭിക്കാൻ ആലോചിക്കുന്നത്.
ഏകദേശം 25 കോടിയാണ് തടയണയുടെ നിർമ്മാണ ചെലവ്. ജലസേചന വകുപ്പിനാണ് നിർമ്മാണ ചുമതല. ഞാങ്കടവിൽ നിന്ന് ജലം വസൂരിച്ചിറിയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ ഏകദേശം പൂർത്തിയായിട്ടുണ്ട്.
 തടയണ എന്തിന് ?
കല്ലടയാറ്റിന്റെ തീരത്ത് ഞാങ്കടവിൽ നിർമ്മിച്ച കിണറ്റിൽ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് ഞാങ്കടവ് കുടിവെള്ള പദ്ധതി. തെന്മല ഡാമിൽ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് കുറയുമ്പോൾ അഷ്ടമുടിക്കായൽ വഴി കടലിൽ നിന്നുള്ള ഉപ്പുവെള്ളം കല്ലടയാറ്റിലേക്ക് തിരിച്ചുകയറും. കിണറ്റിൽ ജലലഭ്യത ഉറപ്പാക്കാനും ഉപ്പുവെള്ളം കയറുന്നത് തടയാനുമാണ് തടയണ നിർമ്മിക്കുന്നത്. കിണറ്റിൽ ആവശ്യത്തിന് ജലമില്ലാത്ത സാഹചര്യത്തിൽ തെന്മല ഡാമിന്റെ ഷട്ടർ ചെറുതായി ഉയർത്താനും ധാരണയുണ്ട്. ഇങ്ങനെ വരുന്ന ജലം ഒഴുകി നഷ്ടപ്പെടാതിരിക്കുന്നതിന് കൂടിയാണ് തടയണ നിർമ്മിക്കുന്നത്.
 വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണോദ്ഘാടനം ഇന്ന്
ഞാങ്കടവ് പദ്ധതിയുടെ ഭാഗമായുള്ള വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ളാന്റിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. 100 എം.എൽ.ഡി ശേഷിയുള്ള പ്ലാന്റിന്റെ ടെസ്റ്റ് പൈൽ നേരത്തെ തുടങ്ങിയിരുന്നു.
പ്ളാന്റിന്റെ ശിലാസ്ഥാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കും. ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം. മുകേഷ് എം.എൽ.എ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. നഗരസഭാ സെക്രട്ടറി കെ. ഹരികുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജല അതോറിറ്റി എം.ഡി എസ്. വെങ്കിടേസപതി, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.എ. സത്താർ, ഗിരിജാ സുന്ദരൻ, ചിന്ത എൽ. സജിത്ത്, വി.എസ്. പ്രിയദർശനൻ, ഷീബാ ആന്റണി, ടി.ആർ. സന്തോഷ് കുമാർ, കൗൺസിലർമാരായ എ.കെ. ഹഫീസ്, സതീഷ്, അഡി. സെക്രട്ടറി എ.എസ്. നൈസാം തുടങ്ങിയവർ സംസാരിക്കും. മേയർ ഹണി സ്വാഗതവും ജി. ശ്രീകുമാർ നന്ദിയും പറയും.