
കൊല്ലം: മലിനജലം പൊതുവഴിയിലേയ്ക്ക് ഒഴുക്കുന്നത് എതിർത്തതിന്റെ വൈരാഗ്യത്തിൽ യുവതിയെ കുത്തിക്കൊന്ന കേസിൽ അയൽവാസിയായ ഗൃഹനാഥനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.  ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷൻ ഫാമിലി നഗറിൽ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (44), മകൾ മേഘ (20) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷന് സമീപം സ്നേഹനഗറിൽ ദാമോദർ മന്ദിരത്തിൽ മോസസ് ദാമോദർ - ലീന മോസസ് ദമ്പതികളുടെ മകൾ അഭിരാമിയാണ് (24) കൊല്ലപ്പെട്ടത്. മാതാവ് ലീന ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ലീനയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രകോപിപ്പിച്ച് വീട്ടിലേക്ക് വരുത്തുകയും പിടിച്ചുവയ്ക്കുക്കുകയും ചെയ്തുവെന്നതാണ് ശകുന്തളയ്ക്കും മേഘയ്ക്കും എതിരെയുള്ള കുറ്റം.
കൊലപാതകത്തിനിടെ മറിഞ്ഞുവീണ് കത്തി കാലിൽ തുളച്ചുകയറി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉമേഷ് ബാബുവിനെ വെള്ളിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ എട്ടോടെ പഴയത്ത് ജംഗ്ഷനിലെ വീട്ടിലെത്തിച്ച് ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിൽ തെളിവെടുത്തു. കുത്താനുപയോഗിച്ച ആയുധവും വീട്ടിലെ മുറിയിൽ വീണ രക്തത്തുള്ളികൾ തുടച്ചുനീക്കിയ തുണികളും കണ്ടെടുത്തു.
ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം മതിൽ തുളച്ച് പിന്നിലെ റോഡിലേക്കാണ് ഒഴുക്കിയിരുന്നത്. അഭിരാമിയുടെ കുടുംബം അടക്കം എട്ട് വീട്ടുകാർ ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഉമേഷ് ബാബു പൊലീസിനോട് സമ്മതിച്ചു.
വ്യാഴാഴ്ച രാത്രി ലീന അയൽവാസിയുടെ വീട്ടിലേക്ക് പോകുന്നത് ഉമേഷിന്റെ ഭാര്യയും മകളും മൊബൈലിൽ പകർത്തി. ഇതു ചോദ്യം ചെയ്തതോടെ കത്തിയുമായി പാഞ്ഞെത്തിയ ഉമേഷ് ലീനയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റു. നിലവിളി കേട്ടെത്തിയ അഭിരാമിയെ അടിവയറ്റിൽ കുത്തിവീഴ്ത്തി.
അഭിരാമിയുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. ഗൾഫിൽ നിന്ന് പിതാവ് മോസസ് ദാമോദർ എത്തിയശേഷം മൃതദേഹം സംസ്കരിക്കും.