pickup
കാവനാട് ബൈപ്പാസിൽ അപകടത്തിൽ തകർന്ന പിക്ക്അപ്പ് വാൻ

 വാഹനത്തിൽ കുടുങ്ങിയ പിക്ക്അപ്പ് ഡ്രൈവറെ ഫയർഫോഴ്സ് രക്ഷിച്ചു

കൊല്ലം: ബൈപ്പാസിൽ നാഷണൽ പെർമ്മിറ്റ് ലോറിയിലേക്ക് പിക്ക്അപ്പ് വാൻ ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് വാഹനത്തിൽ കുടുങ്ങിയ പിക്ക്അപ്പ് ഡ്രൈവറായ കൊട്ടിയം സ്വദേശി ടൈറ്റസിനെ ഫയർഫോഴ്സ് സംഘമെത്തിയാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ടൈറ്റസിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ പുല‌ർച്ചെ 5.30ന് ബൈപ്പാസിന്റെ കാവനാട് ഭാഗത്തായിരുന്നു അപകടം. വെളുത്തുള്ളിയുമായി ശക്തികുളങ്ങര ഭാഗത്തേക്ക് വന്ന പിക്ക്അപ്പ് വാൻ ശക്തികുളങ്ങരയിൽ നിന്ന് കാവനാട് ജംഗ്ഷനിലേക്കുള്ള റോഡിലേക്ക് തിരിയുകയായിരുന്ന നാഷണൽ പെർമ്മിറ്റ് ലോറിയുടെ മദ്ധ്യഭാഗത്തായി ഇടിച്ചുകയറുകയായിരുന്നു. അപകടസമയം ടൈറ്റസ് മാത്രമാണ് പിക്കഅപ്പിൽ ഉണ്ടായിരുന്നത്.

വിവരമറിഞ്ഞ് ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന പിക്ക്അപ്പിൽ കുടുങ്ങിപ്പോയ ടൈറ്റസിനെ രക്ഷിക്കാനായില്ല. തുടർന്ന് കടപ്പാക്കടയിൽ നിന്ന് ലീഡിംഗ് ഫയർമാൻ രാജുവിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം പിക്കപ്പിന്റെ മുൻവശം പൊളിച്ചാണ് ടൈറ്റസിനെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ബൈപ്പാസിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.