കൊല്ലം: രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം പോർട്ടിൽ കപ്പലടുത്തു. ഐ.എസ്.ആർ.ഒയ്ക്കുള്ള പ്രോജക്ട് കാർഗോയുമായി ഹെവി ലിഫ്ട് കപ്പലായ ഹെംസ് ലിഫ്ട് നഡിനാണ് എത്തിയത്. രാവിലെ 11.40 ഓടെയാണ് കപ്പൽ കൊല്ലം പോർട്ടിൽ നങ്കൂരമിട്ടത്.
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ സിറ്റി പൊലീസ് കമ്മിഷണറാണ് എമിഗ്രേഷൻ നടപടികൾ നടത്തിയത്. വൈകിട്ട് ആറോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. കപ്പലിൽ നിന്ന് ലാഡർ പഴയ ടെർമിനലിലേക്ക് നീട്ടി. ഇന്ന് രാവിലെ ഏഴ് മുതൽ ഉപകരണങ്ങൾ ഇറക്കിത്തുടങ്ങും. നാളെ ഉപകരണങ്ങൾ റോഡ് മാർഗം തുമ്പയിലെ ഐ.എസ്.ആർ.ഒയുടെ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കപ്പലിന്റെ മൂന്ന് ഡെക്കുകളിളായി വെൽഡ് ചെയ്ത് ഘടിപ്പിച്ചിരുന്ന ഏകദേശം 800 ടൺ ഭാരമുള്ള ഉപകരണങ്ങൾ ഇന്നലെ രാത്രിയോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് വിച്ഛേദിച്ച് തുടങ്ങി.
ഏകദേശം 4400 മെട്രിക് ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് 112 മീറ്റർ നീളമുള്ള കപ്പൽ. 300 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ട് ക്രെയിനുകൾ ഈ നെതർലൻഡ് കപ്പലിലുണ്ട്. ഇത്രയും ഭാരം വഹിക്കാൻ ശേഷിയുള്ള ആഭ്യന്തര കപ്പലുകൾ ഇല്ലാത്തതിനാലാണ് നെതർലൻഡ് കപ്പൽ വാടകയ്ക്ക് എടുത്തത്. നെതർലൻഡ് സ്വദേശിയായ ക്യാപ്ടൻ ഉൾപ്പെടെ 11 ജീവനക്കാർ കപ്പലിൽ ഉണ്ട്. ഇവരാരും തന്നെ കപ്പലിൽ നിന്ന് പുറത്തിറങ്ങില്ല.
കപ്പൽ അടുക്കുന്നത്: 2 വർഷത്തിന് ശേഷം
ഒടുവിൽ കപ്പലെത്തിയത്: 2018 നവംബറിൽ
''
മുംബയിലെ നവഷെവ തുറമുഖത്ത് നിന്നാണ് കപ്പൽ എത്തിയത്. ഒരുപക്ഷെ മറ്റന്നാൾ കപ്പൽ കൊൽക്കത്തിലേക്ക് മടങ്ങും.
ജോർജ് സേവ്യർ, ഡയറക്ടർ
പാക്സ് ഷിപ്പിംഗ് ഏജൻസി