kacha

കൊല്ലം: അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്‌ദകോശങ്ങൾ പൊട്ടുമാറുച്ചത്തിൽ കൊല്ലത്തെ കാമ്പസുകളിൽ നിന്ന് വിദ്യാർത്ഥികൾ മുഴക്കിയ മുദ്രാവാക്യങ്ങൾ നാലര പതിറ്റാണ്ടിനിപ്പുറവും വ്യക്തതയോടെ കേൾക്കാം. അടിയന്തരാവസ്ഥ അറബിക്കടലിലെന്ന മുദ്രാവാക്യം കൊല്ലത്തെ എണ്ണമറ്റ ചുവരുകളിൽ ഇപ്പോഴും കാലം മായ്‌ക്കാത്ത അതിജീവന അടയാളമായി ശേഷിക്കുന്നുണ്ട്.

സമരസപ്പെടാത്ത നിരന്തര കലഹങ്ങളിലൂടെ തേച്ച് മിനുക്കിയെടുത്ത രാഷ്ട്രീയ മാനസികാവസ്ഥയാണ് കൊല്ലത്തിന്റേത്. കശുഅണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കർഷകരും ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ രാഷ്ട്രീയ ബോദ്ധ്യമായിരുന്നു കൊല്ലത്തിന്റേത്. സമൂഹത്തിന്റെ ന്യൂക്ലിയസുകളായ കൊല്ലത്തെ ശ്രീനാരായണ കോളേജ് ഉൾപ്പെടെയുള്ള കാമ്പസുകൾ കാലത്തിന് നൽകിയതും ഇതേ രാഷ്ട്രീയ ബോദ്ധ്യമാണ്. ഓരോ സമര കാലവും തിരഞ്ഞെടുപ്പ് കാലവും ജനാധിപത്യത്തിന്റെ ഉത്സവമായിരുന്നു അവർക്ക്. ചാട്ടുളി പോലെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന, തലമുറകൾ കൈമാറി വന്ന മുദ്രാവാക്യങ്ങൾ ആ ഉത്സവനാളുകളിൽ പിറന്നു.

പക്ഷേ, പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുന്ന ആധുനിക കാലത്തും മുദ്രാവാക്യങ്ങൾ പഴയത് തന്നെ. പതിറ്റാണ്ടുകളായി കേട്ട് കാതുകൾക്ക് പരിചിതമായ മുദ്രാവാക്യങ്ങൾക്കൊപ്പമാണ് ഇപ്പോഴും രാഷ്ട്രീയ ഭൂപടം സഞ്ചരിക്കുന്നത്. പണ്ട്, ഓണക്കാലത്ത് വയൽ പരപ്പുകളിൽ നിന്ന് നാട്ടിടകളിലേക്ക് കയറിവന്ന കരടി കളി സംഘങ്ങൾ പാട്ടിലൂടെ പറഞ്ഞതൊക്കെയും നാട്ടിലെ കഥകളായിരുന്നു. ഉത്സവ പറമ്പിലെ തമ്മിൽ തല്ലും പാലം പണിയും റോഡ് തകർന്നതുമൊക്കെ അവരുടെ പാട്ടുകൾക്ക് ഇതിവൃത്തമായി. അതുപോലെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും പ്രാദേശിക വൃത്താന്തങ്ങളിൽ നിന്ന് പാട്ടും മുദ്രാവാക്യങ്ങളും പിറന്നിരുന്നു. പ്രചാരണ രീതി തന്നെ മാറിയ പുതിയ കാലത്തും ചരിത്രത്തോട് ചേർ‌ന്നുനിൽക്കുന്ന പഴയ മുദ്രാവാക്യങ്ങളിലേക്ക് വർത്തമാനകാലത്തെ ചേർത്തുനിറുത്താൻ ശ്രമിക്കുകയാണവർ.