
കൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. തേവലക്കര കോയിവിള തേവരഴികത്ത് വീട്ടിൽ ജോസ് പ്രകാശാണ് (51) മരിച്ചത്. ഇന്നലെ പുലർച്ചെ 5 ഓടെ കോയിവിള ചേരിക്കടവിന് കിഴക്കായിരുന്നു അപകടം.
രാജു ഫ്രാൻസിസിനൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളം തലകീഴായി മറിയുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വള്ളത്തിനടിയിൽ അകപ്പെട്ട ജോസ് പ്രകാശ് മരണപ്പെട്ടു. രാജുഫ്രാൻസിസ് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ അറിയിച്ചതനുസരിച്ച് തെക്കും ഭാഗം പൊലീസെത്തി ജോസ് പ്രകാശിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കോയിവിള പള്ളിയിൽ സംസ്കാരം നടത്തി. ഭാര്യ: ഷർമ്മലി. മക്കൾ: മെൽഖി, മിഖ. തെക്കുംഭാഗം പൊലീസ് കേസെടുത്തു.