vhd

ഹരിപ്പാട്: ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഭർത്താവിന്റെ വീട്ടിലേക്ക് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിനിടെ ഗർഭിണിയായ യുവതി കാ‍റപകടത്തിൽ മരിച്ചു. ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിൽ കാറിൽ ലോറി ഇടിച്ചാണ് അപകടം. മൂന്നു പേർക്ക് പരിക്കേറ്റു.

കൊല്ലം ശൂരനാട് നടുവിലെ മുറി അരുണോദയത്തിൽ അഞ്ജു.വി. ദേവാണ് (26) മരിച്ചത്. അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുകാദേവി,​ സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം.

അഞ്ജുവും കുടുംബവും ഭർത്താവ് സുധീഷിന്റെ പെരുമ്പാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി എതിരെ വന്ന മീൻ ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ജുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നവംബർ 3നാണ് ഇവരുടെ വിവാഹ വാർഷികം.