deepa

മാള: ഇപ്പ ശര്യാക്കാം.... ഈ വാക്ക് ദീപ ജീവിതത്തിൽ കേൾക്കാൻ തുടങ്ങിയിട്ട് ഒന്നും രണ്ടുമല്ല 12 വർഷമായി. നേതാക്കൾ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ വരെ ഇപ്പോഴും ഇതേ പല്ലവിയിലാണ്. പക്ഷേ ഒമ്പത് സെന്റ് സ്ഥലത്തിന്റെ പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങി പൂപ്പത്തി വട്ടത്തറ വീട്ടിൽ ദീപ മടുത്തുകഴിഞ്ഞു. 2008 ഡിസംബർ 22ന് 9 സെന്റ് പണ്ടാരവക സ്ഥലത്തിന്റെ പട്ടയത്തിനായി അപേക്ഷ നൽകിയത് ഭർത്താവ് അനിൽ കുമാറാണ്. ഭൂമിയുടെ പേരിൽ നികുതിയും അടയ്ക്കുന്നുണ്ട്.

ഫോട്ടോഗ്രാഫറും നാടക പ്രവർത്തകനുമായിരുന്ന അനിൽകുമാർ മൂന്ന് വർഷം മുമ്പ് മരിച്ചു. മരിക്കും വരെ അദ്ദേഹവും അതിന് ശേഷം ദീപയും ഫയലിനൊപ്പം സെക്രട്ടേറിയറ്റ് മുതൽ പഞ്ചായത്ത് ഓഫീസ് വരെ നിരവധി തവണ സഞ്ചരിച്ചു. കന്നുകാലി മേച്ചിൽപ്പുറം എന്ന പേരിൽ പൊയ്യ പഞ്ചായത്ത് വകയായാണ് 9 പേർ താമസിക്കുന്ന ഈ സ്ഥലം രേഖകളിലുള്ളത്. നിരവധി അപേക്ഷകളുടെ അടിസ്ഥാനത്തിൽ 2012 നവംബർ 12ന് 60 സെന്റ് സ്ഥലം റവന്യൂ വകുപ്പിന് വിട്ടു നൽകാമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. ശുപാർശ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ കൊടുങ്ങല്ലൂർ താലൂക്കിൽ നിന്നുള്ള റിപ്പോർട്ടിൽ ഭൂമിയുടെ വിസ്തൃതിയിൽ വ്യത്യാസമുണ്ടെന്ന റിപ്പോർട്ട് ഇവർക്ക് പ്രതികൂലമായി.

ഇപ്പോൾ ആ ഫയൽ എവിടെയാണെന്നും സ്ഥിതി എന്താണെന്നും അറിയില്ല. മക്കൾക്കൊപ്പം കഴിയുന്ന ദീപ ഇനി പട്ടയത്തിനായി ആരെ സമീപിക്കണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ്. പട്ടയം ലഭിക്കുന്നതിന് എന്തെങ്കിലും തടസം ഉള്ളതായോ നടപടികൾ സംബന്ധിച്ചോ ഇതുവരെ ഒരു ഓഫീസിൽ നിന്നും അറിയിപ്പും ലഭിച്ചിട്ടില്ല.

ഫയൽ പോയ നാൾവഴികൾ


2008 ഡിസംബർ 22ന് പട്ടയത്തിനായി അപേക്ഷ നൽകുന്നു
2007ൽ പൊയ്യ വില്ലേജ് സർവേ 612/2, 612/1 പ്രകാരമുള്ള സ്ഥലത്തിന് പൊയ്യ വില്ലേജിൽ നികുതി അടച്ചു.
2012ൽ കന്നുകാലി മേച്ചിൽപ്പുറമായി നിലനിന്നിരുന്ന സ്ഥലം റവന്യൂ വകുപ്പിന് വിട്ടുനൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം
സ്ഥലം പതിച്ചുനൽകാനും കമ്മിറ്റിയുടെ ശുപാർശ

2012 മേയ് 15ന് കളക്ടർക്ക് നൽകിയ അപേക്ഷയിൽ ഫയൽ നമ്പർ 31062/ 12 പ്രകാരം കളക്ടറേറ്റിലെ ബി 5 സെക്‌ഷനിലേക്ക് നൽകിയതായി രശീത് ലഭിക്കുന്നു
2014 ഫെബ്രുവരി 6ന് കൊടുങ്ങല്ലൂർ താലൂക്കിൽ നിന്നുള്ള റിപ്പോർട്ടിൽ ഭൂമിയുടെ വിസ്തൃതിയിൽ വ്യത്യാസമുണ്ടെന്ന് കാട്ടി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് കളക്ടറേറ്റിൽ ലഭിക്കുന്നു

"പട്ടയത്തിനുള്ള ഫയൽ എവിടെയാണെന്ന് പോലും അറിയില്ല. ഇനി ഏത് ഓഫീസിൽ ആരെയാണ് കാണേണ്ടതെന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. മൂന്ന് വയസുള്ള കുഞ്ഞുമായി ഇനിയും ഓഫീസുകൾ കയറിയിറങ്ങാൻ ഒരുക്കമാണ്. പട്ടയം ലഭിക്കാനുള്ള തടസം എന്താണെന്ന് ഇതുവരെ ആരും അറിയിച്ചിട്ടില്ല. 2008 ൽ നികുതി അടയ്ക്കാൻ പോയപ്പോഴാണ് പട്ടയം വേണമെന്ന് അറിഞ്ഞത്. അപ്പോൾ മുതൽ തുടങ്ങിയതാണ് പട്ടയത്തിനായുള്ള നെട്ടോട്ടം. ഗുരുദേവൻ ഒരു വഴി കാണിച്ചുതരുമെന്നാണ് വിശ്വാസം

ദീപ അനിൽകുമാർ