
തൃശൂർ: കണ്ണുകെട്ടി റൂബിക്‌സ് ക്യൂബിൽ തൊട്ടാൽ അദ്വൈത് മാന്ത്രികനാവും. വിരലുകൾ മിന്നൽ വേഗത്തിൽ ചലിക്കും. 10 സെക്കൻഡിൽ മാജിക് ക്യൂബ് അടുക്കി കൈയിൽ തരും ഈ ഒൻപതാം ക്ലാസുകാരൻ.
ലോക റെക്കാഡിനെക്കാൾ മികച്ച സമയമാണിത്! കണ്ണു കെട്ടിയുള്ള ക്യൂബ് സോൾവിംഗിലെ ലോക റെക്കാഡ് 15.50 സെക്കൻഡ് ആണ്. 2019ൽ അമേരിക്കക്കാരൻ മാക്സ് ഹില്ലാർഡ് ആണ് ഈ റെക്കാഡ് കുറിച്ചത്.
അദ്വൈത് വേൾഡ് റൂബി ക്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സമിതികളിലൊന്നും അംഗമല്ലാത്തതിനാലും ഔദ്യോഗിക മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്തതിനാലും റെക്കാഡ് രേഖപ്പെടുത്തപ്പെടില്ല.
രാജ്യാന്തര റൂബിക്‌സ് ക്യൂബ് സോൾവിംഗ് ഓൺലൈൻ മത്സരത്തിലാണ് അദ്വൈത് 10 സെക്കൻഡിൽ വിസ്മയ പ്രകടനം നടത്തിയത്. അസോസിയേഷനിൽ അംഗത്വം ഇല്ലാത്തതിനാൽ വിജയികളുടെ ലിസ്റ്റിൽ വന്നില്ല. അംഗത്വത്തിന് അസോസിയേഷന്റെ ടൂർണമെന്റുകളിൽ കളിക്കണം. ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാൻ അംഗത്വം വേണമെന്നില്ല.
എറണാകുളം ഭവൻസ് ആദർശ് വിദ്യാലയത്തിലാണ് അദ്വൈത്. നാലാം ക്ളാസിൽ പഠിക്കുമ്പോൾ ബന്ധുവായ വിഷ്ണുവാണ് ക്യൂബ് സോൾവിംഗ് പഠിപ്പിച്ചത്. ലോക്ക്ഡൗൺ കാലത്ത് ക്യൂബ് താഴെ വയ്‌ക്കാത്ത കളിപ്പാട്ടമായി. കണ്ണുകെട്ടിയുള്ള പരിശീലനം കടുപ്പിച്ചപ്പോൾ 10 സെക്കൻഡിൽ സോൾവ് ചെയ്‌തു. ഓൺലൈൻ മത്സരത്തിനായി യൂട്യൂബിൽ ആറ് വീഡിയോകൾ അപ്‌ലോഡ് ചെയ്ത് അയയ്‌ക്കുകയായിരുന്നു. അസോസിയേഷന്റെ മത്സരങ്ങളിൽ പങ്കെടുത്താൽ അദ്വൈത് ലോകശ്രദ്ധയിലെത്തുമെന്നാണ് ക്യൂബ് വിദഗ്ദ്ധർ പറയുന്നത്.
തൃശൂരിലെ ബിസിനസുകാരനായ ഗിരീഷിന്റെയും ബിന്ധ്യയുടെയും മകനാണ് അദ്വൈത്. അയ്യന്തോളിലാണ് താമസം. ചേട്ടന്റെ വഴിയേ അനിയത്തി രണ്ടാം ക്ളാസ്‌കാരി അവന്തികയും ക്യൂബ് സോൾവിംഗ് പരിശീലനത്തിലാണ്.
"ക്യൂബ് സോൾവിംഗിൽ ലോക റെക്കാഡും ലിംക റെക്കാഡുമെല്ലാം നേടണം. ഇന്ത്യൻടീമിൽ അംഗമാകണം. ക്യൂബ് സോൾവിംഗ് പഠനത്തിൽ അച്ഛനും അമ്മയും സഹായിക്കും.
--അദ്വൈത്