tt

ജീവിതത്തിന്റെ ഗതിവേഗത്തിൽപ്പെട്ട് ഞെരിഞ്ഞമർന്നു പോകുന്ന മനസുകളെ ഓർത്തുള്ള വിലാപമുണ്ട്. ഒരുപാട്... പായയിൽക്കെട്ടി ആരുടെയോ തോളിൽക്കൂടി ചുടലപ്പറമ്പ് വരെ സഞ്ചരിച്ച ചില വസൂരി ശവങ്ങളുടെ കണക്കും ശവം ചുമന്ന ആളിന്റെ മുഖവും പഞ്ചായത്തു കിണറിലെ കയറുകൊണ്ട് കണ്ടാരന്റെ പറമ്പിലെ വരിക്കപ്ലാവിൽ തൂങ്ങിയാടിയ പാതികുമാരന്റെ മരണവും എല്ലാം കുമാരാപ്പന് പരിചിതമായിരിക്കും. നാടിനെ അറിയിക്കാതെ സൂക്ഷിക്കുന്ന ചില രഹസ്യങ്ങളുടെ കൂട്ടത്തിലേക്ക് അതും എഴുതി തള്ളപ്പെട്ടിരുന്നു...കുമാരപ്പനൊപ്പം യാത്ര ചെയ്യാം

ഒരിക്കൽ പടിഞ്ഞാട്ടുമുറിയുടെ ബോധമായിരുന്നു കുമാരാപ്പന്റെ ചായക്കട. ആവശ്യത്തിനൊത്ത പൊക്കവും വണ്ണവും ഉള്ള ഇരുണ്ട ശരീരം, ദേഹമാകെ ഭ്രാന്ത് പിടിച്ചവണ്ണം രോമം. നെഞ്ചിലെ രോമങ്ങൾക്കിടയിൽ വെള്ള പൂശിയപോലെ നര കേറിപ്പറ്റിയിട്ടുണ്ട്. എപ്പോഴും കൈലി മുണ്ടാണ് വേഷം. അർദ്ധനഗ്‌നൻ. കഷണ്ടി ബാധിച്ച തല. കയ്യിൽ നിന്ന് ചുണ്ടിലേക്കും തിരിച്ചു കയ്യിലേക്കും സ്ഥാനമാറ്റം സംഭവിക്കുന്ന ബീഡിക്കുറ്റി. ഇതാണ് കുമാരാപ്പൻ. പതിഞ്ഞശബ്‌ദത്തിൽ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, കണ്ടാൽ ഭയം ഉളവാക്കുന്ന ഒരു സാധാരണ മനുഷ്യൻ. നാലുവശവും മേൽക്കൂരയും ഓലകൊണ്ട് മറച്ചതാണ് കട. ഉള്ളിൽ മൂന്ന് ജോഡി ബഞ്ചും ഡെസ്‌കും ഉണ്ട്.

രണ്ടു ബഞ്ചിന്റെ ഇടയിലൂടെ അകത്തേക്കുള്ള വഴി ചെന്നെത്തുന്നത് അടുക്കളയിൽ. കരി തേച്ചു വാർത്തെടുത്ത അടുപ്പുകൾ. ഒന്നിൽ വെള്ളം സദാസമയവും തിളക്കുന്നുണ്ടാകും. അരികിൽ പാലും ചായപ്പൊടിയും പഞ്ചസാരയും തിരക്കൊഴിയാത്ത മട്ടിൽ അന്യം ഒട്ടിച്ചേർന്ന് കിടപ്പായിരിക്കും.

പരിപ്പുവട, ഉണ്ടൻപൊരി പോലുള്ള ചെറുകടികൾക്ക് ഭ്രഷ്‌ട് കല്പിച്ചിരുന്ന ഒരു ചായക്കട. അതൊരു പക്ഷേ ആദ്യമായിരിക്കും. ചായക്ക് കടിയെന്താ? എന്നു ചോദിച്ചാൽ സ്റ്റീൽ പാത്രത്തിൽ ആവി പറക്കുന്ന ഒരു കഷണം പുട്ട് കൊണ്ടുവന്നു വയ്‌ക്കും കുമാരാപ്പൻ. ജീവിതചര്യയിൽ കുമാരാപ്പനും ചായക്കടയും ഒഴിച്ചു കൂടാനാവാത്തവർക്ക് മാത്രം ബോധിച്ചു പോന്നിരുന്ന ഒരു വിഭവം. അത്രമേൽ നിർവചനമേ ആ പുട്ടുകഷണത്തിനുള്ളൂ. അടുപ്പിനു സമീപമായി സിഗരറ്റും ബീഡിയും ചില്ലറ പൈസയും സൂക്ഷിച്ചു വയ്‌ക്കുന്ന ഒരു കോട്ടപ്പെട്ടിയുണ്ട്. ഉരഗങ്ങൾ കയറാതിരിക്കാൻ വെള്ളം നിറച്ച നാല് ചിരട്ടക്കുള്ളിൽ ഉറച്ചിരിക്കുന്ന ആ പെട്ടിയാണ് കടയുടെ ആധാരം. സൈക്കിളിന്റെ മുന്നിലും പിന്നിലും മാത്രമിരുന്ന് ദൂരം താണ്ടിയ ഒരു ചരിത്രം ഏതു നാടിനുമുണ്ടാകും. ആ കാലം ഇവിടെ ഒരുപാട് നാൾ ജീവിച്ചിട്ടുണ്ട്. ആട്ടിത്തൊഴിച്ചിട്ടും പോകാത്ത മട്ടിൽ. വെളുപ്പിന് നാലര മണിക്ക് ചായക്കടയിലെ അടുപ്പിൽ തീ കൂട്ടി, വെള്ളം വച്ച് അതിൽ ഒരു പത്തിന്റെ പൈസയിട്ട് കുമാരാപ്പനെ ഉണർത്തുന്ന ഒരാളുണ്ടായിരുന്നു, 'ബാലാജി ' ഒരുനാടിന്റെ സ്ഥിരകാലബോധത്തോട് ഇത്രയും അടുപ്പിക്കപ്പെട്ട ഒരു വ്യക്തിത്വം വേറെയുണ്ടാകില്ല.

ഒരിക്കലും നികത്താൻ കഴിയാതിരുന്ന കടപ്പാടിന്റെ കഥ ആ പേരിനോട് എന്നേ ചേർക്കപ്പെട്ടിരുന്നു. കടയുടെ ഒത്ത നടുക്കായി മഞ്ഞവെളിച്ചം വിതറുന്ന ഒരു നിയോൺ ലാമ്പുണ്ട്. എങ്ങും എത്താതെ പോകുന്ന ആ വെളിച്ചത്തിനു കീഴെ ചായ ഊതിയിറക്കുന്നവർ ഏറെയാണ്. ഗോപി അച്ചാച്ചൻ, സുബ്രൻ ചേട്ടൻ, ശ്രീധരേട്ടൻ, രാമേട്ടൻ, കൊച്ചേട്ടൻ, നാരായണേട്ടൻ എന്നിവർ അടങ്ങുന്ന സഭ, നാടിന്റെ സമഗ്ര വിഷയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും, അഭിപ്രായം പറയാനും മാത്രം പോന്നവർ ആയിരുന്നു. ഒരുകാലത്തു നാടിന്റെ അബോധാവസ്ഥയിൽ ശബ്‌ദമുയർത്തിയവർ. ജനനം, മരണം, രാഷ്ട്രീയം എല്ലാം അവിടെ ചർച്ചാ വിഷയങ്ങൾ ആയിരുന്നു. പുലഭ്യം പറച്ചിൽ, സ്വരം മാറിയ ശബ്‌ദങ്ങൾ, കൂട്ടിയുരസപ്പെട്ട വാക്കുകൾ എല്ലാം അവിടെ തുടങ്ങി, അവിടെ വസാനിക്കുമായിരുന്നു. കടയുടെ ഉമ്മറത്ത് കുന്തുകാലിൽ ഇരുന്ന് ഒരു കയ്യിൽ പുട്ടും മറുകയ്യിൽ ചായ ഗ്ളാസ്സുമായി പത്രം വായിക്കുന്ന ചിലരുണ്ട്. അക്ഷരങ്ങളെ കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടിയവർ പത്രത്തിലെ ചിത്രങ്ങൾ മാത്രം നോക്കി താളുകൾ മറയ്‌ക്കുന്നു. ഒരുകാലത്തു നാടിന്റെ മുഴുവൻ വിയർപ്പും അദ്ധ്വാനവും കേന്ദ്രീകരിച്ചിരുന്നിരുന്നത് ഇവരിൽ ആണെന്ന് സമ്മതിച്ചു കൊടുക്കേണ്ടി വരും.
അലക്ഷ്യമായി പുകഞ്ഞു പൊന്തുന്ന ബീഡിപ്പുക.! കടയുടെ മുൻപിൽ തുമ്പൂർ നാദം സിനിമാതീയറ്ററിൽ കളിക്കുന്ന പടത്തിന്റെ ഒരു പോസ്റ്റർ ഉണ്ടാകും. മാറി മാറി വരുന്ന പടങ്ങളുടെ പോസ്റ്റർ പതിപ്പിക്കാൻ കുമാരാപ്പൻ അവർക്കായി ഒരു സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. മുത്തപ്പൻ ബസിൽ നിന്ന് കൂടുതൽ ആളുകൾ, ഇറങ്ങാനും കയറാനും ഉണ്ടായിരുന്നതും കുമാരാപ്പന്റെ കടയുടെ മുൻപിൽ നിന്നായിരുന്നു. ഇടവിട്ട് പെയ്ത മഴയുടെ കുത്തൊലിപ്പിൽ ചിലർ ഒലിച്ചുപോയി. ചിലർ ദൂരങ്ങളിലേക്ക് മാഞ്ഞു. പടിഞ്ഞാട്ടുമുറിയുടെ ആത്മാവ് ഉണ്ടതും ഉറങ്ങിയതും ഇന്നും നിലകൊള്ളുന്നതും അവിടെ തന്നെ. പുതിയ ലോകത്തിലേക്ക് ഇതിന്റെ നിഴലുകൾ ഒന്നും കടന്നു വരില്ലായിരിക്കും. ജീവിതത്തിന്റെ ഗതിവേഗത്തിൽപ്പെട്ട് ഞെരിഞ്ഞമർന്നു പോകുന്ന മനസുകളെ ഓർത്തുള്ള വിലാപമുണ്ട്.
ഒരുപാട്... പായയിൽക്കെട്ടി ആരുടെയോ തോളിൽക്കൂടി ചുടലപ്പറമ്പ് വരെ സഞ്ചരിച്ച ചില വസൂരി ശവങ്ങളുടെ കണക്കും ശവം ചുമന്ന ആളിന്റെ മുഖവും പഞ്ചായത്തു കിണറിലെ കയറുകൊണ്ട് കണ്ടാരന്റെ പറമ്പിലെ വരിക്കപ്ലാവിൽ തൂങ്ങിയാടിയ പാതികുമാരന്റെ മരണവും എല്ലാം കുമാരാപ്പന് പരിചിതമായിരിക്കും. നാടിനെ അറിയിക്കാതെ സൂക്ഷിക്കുന്ന ചില രഹസ്യങ്ങളുടെ കൂട്ടത്തിലേക്ക് അതും എഴുതി തള്ളപ്പെട്ടിരുന്നു. ഒരിക്കലെങ്കിലും ചിരിക്കാനും ചിന്തിക്കാനും കരയാനും മറന്നിട്ടില്ലാത്ത പച്ചയായ ജീവിതങ്ങളിലേക്ക് തിരികെ കാൽവെക്കാൻ കൊതിക്കുന്ന ചില മനസ്സുകളിലേക്ക് ഇത് ഊർന്നിറങ്ങട്ടെ. ഉത്തരത്തിന് ഊന്ന് കൊടുത്തിട്ടുള്ള ആ മുളയിൽ ചാരി നിന്ന് ബീഡി വലിക്കുന്ന കുമാരാപ്പന്റെ ദൃശ്യം മനസ്സിൽ നിന്നും വലിച്ചെറിയാൻ എത്ര ശ്രമിച്ചിട്ടും പോകുന്നില്ല. ഒരു തലമുറയുടെ ഇന്നും വ്രണപ്പെട്ടിട്ടില്ലാത്ത സത്യങ്ങളുടെ ഭാരം പേറി അത് അവിടെ നിൽക്കുകയാണ്, എന്തിനെന്നറിയാതെ.