parkk
കുന്നംകുളത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന നഗരസഭ ജീറിയാട്രിക് പാർക്ക്‌

തൃശൂർ: ജീവിത സായന്തനത്തിൽ പഴയ കൂട്ടുകാരൊത്ത് ഉല്ലസിക്കാൻ വയോധികർക്ക് കേന്ദ്രം. കുന്നംകുളം നഗരസഭാ ടൗൺഹാളിനോട് ചേർന്നുള്ള ഏകലവ്യൻ സ്മാരക ലൈബ്രറി അങ്കണത്തിലാണ് 24 ലക്ഷം രൂപ ചെലവഴിച്ച് ജീറിയാട്രിക് പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. നഗരസഭയിലെയും സമീപ പ്രദേശത്തെയും വയോജനങ്ങൾക്ക് തങ്ങളുടെ സൗഹൃദവും ഓർമകളും പങ്കുവയ്ക്കാനുള്ള ഒരിടമാക്കിയാണ് നഗരസഭ ജീറിയാട്രിക് പാർക്ക് ഒരുക്കിയിട്ടുള്ളത്. ഇതിനായി വായനശാലയുടെ അങ്കണത്തിൽ ടൈൽ പാകി മേൽക്കൂര മേഞ്ഞ് പുതിയ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
നേരത്തെ വയോജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ വൈകുന്നേരത്തെ കൂട്ടായ്മകൾ നഗരത്തിലെ ജവഹർ സ്‌ക്വയർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിലായിരുന്നു. ഇത് ഇൻഡോർ സ്‌റ്റേഡിയമാക്കിയതോടെ കുന്നംകുളത്തെ വൈകുന്നേരത്തെ കൂട്ടായ്മകൾ ഇല്ലാതായി. പലരും പിന്നീട് വായനശാലയുടെ പഴയ മുറ്റത്തിരുന്നാണ് സൗഹൃദം പുതുക്കിയിരുന്നത്. എന്നാൽ ഇവിടെ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇതിന്റെ ഭാഗമായി വായനശാലയിലും നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു വർഷമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

സജ്ജീകരണങ്ങൾ

പൂന്തോട്ടം

സാഹിത്യ, സാംസ്‌കാരിക പരിപാടികൾ കാണാനുള്ള വേദി

ജീറിയാട്രിക് പാർക്കിനു വേണ്ടി പുതിയ ടോയ്‌ലെറ്റുകൾ

ചായ, ലഘുഭക്ഷണങ്ങൾക്കുള്ള കോഫി ഷോപ്പ്


ഉദ്ഘാടനം ഇന്ന്
പാർക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയാകും.