covid

തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി രണ്ടാഴ്ചക്കകം രോഗവ്യാപനം കുറയ്ക്കാനുള്ള നടപടികളുമായി വീണ്ടും ജില്ലാഭരണകൂടം രംഗത്ത്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും വാർഡ്തലം മുതൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനും മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

പത്ത് ദിവസത്തിനുള്ളിൽ അയ്യായിരത്തിലേറെ രോഗികളാണ് പുതുതായി ഉണ്ടായത്. എട്ട് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ ബി.ഡി. ദേവസി, മുരളി പെരുനെല്ലി, കെ.വി. അബ്ദുൾ ഖാദർ, ഗീത ഗോപി, കെ.യു. അരുണൻ, യു.ആർ. പ്രദീപ്, മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ഡി.എം.ഒ: കെ.ജെ. റീന തുടങ്ങിയവർ പങ്കെടുത്തു.

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ താഴിടും

ജില്ലയിലെ മാർക്കറ്റുകൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ അടച്ചിടും. മാർക്കറ്റുകളിൽ നിന്ന് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന കർശനമാക്കും. വഴിയോരത്തുള്ള അനധികൃത മീൻ, പച്ചക്കറി കച്ചവടങ്ങൾ നിരോധിക്കും.

വിവാഹത്തിന് നിബന്ധനകൾ

വിവാഹം നടത്തുന്നതിന് നിബന്ധനകൾ കർശനമാക്കി. അതത് പൊലീസ് സ്റ്റേഷനുകളിൽ നാലു ദിവസം മുൻപ് വിവാഹ വിവരങ്ങൾ നൽകണം. തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത നിറുത്തും. പൊലീസ് സ്റ്റേഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവാഹത്തലേന്ന് വീടുകളിലെത്തി പരിശോധന നടത്തും.


കട പരിശോധനയ്ക്ക് സ്‌ക്വാഡ്

കച്ചവട സ്ഥാപനങ്ങളിലെ വർദ്ധിക്കുന്ന തിരക്ക് നിയന്ത്രിക്കും. കടകൾക്കു മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കരുത്. ഇവ പരിശോധിക്കാൻ പ്രത്യേകം സ്‌ക്വാഡുകളെ ഇറക്കും. കൊവിഡ് നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയാൽ കളക്ടറുടെ നേതൃത്വത്തിൽ കടകൾ അടച്ചു പൂട്ടും. തിരക്കുള്ള കടകളിൽ ടോക്കൺ സമ്പദായത്തിൽ സാധനങ്ങൾ വിൽപ്പന നടത്തണം. വഴിയോര കച്ചവടങ്ങളിലും സൂപ്പർ മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിലും നിയന്ത്രണം പാലിക്കണം.

കുട്ടികളും വൃദ്ധരും പുറത്തിങ്ങരുത്

പത്തുവയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും പുറത്തിറങ്ങരുത്. തൊഴിലുറപ്പു തൊഴിലാളികളിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ അവർ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിക്കും.

വാഹന പരിശോധന കൂട്ടും

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നവർ, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ എന്നിവരെ നിരീക്ഷിക്കാൻ പൊലീസ്, ഗതാഗത വകുപ്പ് പരിശോധന ജില്ലയിൽ കർശനമാക്കും. കൊവിഡ് രോഗവ്യാപനം ഏറെയുള്ളിടങ്ങളിൽ നിന്ന് രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ സ്വകാര്യ സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും.

.