mmm
കാരമുക്ക് അഞ്ചങ്ങാടി - മുറ്റിച്ചൂർ റോഡ്

കാഞ്ഞാണി: ഏറെ വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും കാരണമായ കാരമുക്ക് അഞ്ചങ്ങാടി - മുറ്റിച്ചൂർ റോഡ് ടാറിംഗിനൊരുങ്ങി. ടാർ ഉൾപ്പെടെയുള്ള എല്ലാ സാധന സാമഗ്രികളും എത്തി കഴിഞ്ഞതായും മഴയൊഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ടാറിംഗ് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻദാസ് പറഞ്ഞു. 50 ലക്ഷം രൂപ നീക്കിവച്ച് ജില്ലാ പഞ്ചായത്ത് 2018 -19 വർഷത്തിൽ ആരംഭിച്ച റോഡിന്റെ പണി കേസ് ഉൾപ്പെടെ നിരവധി തടസ്സങ്ങളിൽ കുരുങ്ങിയാണ് വൈകിയതെന്നും അവർ പറഞ്ഞു. മൂന്ന് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ 337 മീറ്റർ ദൂരം റോഡ് ഉയർത്തുകയും കൾവെർട്ടും, കാനകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. മെറ്റലിംഗ് കഴിഞ്ഞ് റോളർ ചെയ്ത് ടാറിംഗിന് ഒരുങ്ങുന്നതിനിടയിലാണ് മഴയെത്തിയത്.

മഴയെത്തുടർന്ന് പലയിടങ്ങളിലും മെറ്റലിംഗ് അടർന്നതിനാൽ വീണ്ടും റോളർ ചെയ്ത് പത്ത് ദിവസത്തിനുളളിൽ ടാറിംഗ് നടത്തി റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് മണലൂർ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ പി.എ. ഇക്ബാൽ പറഞ്ഞു.