തൃശൂർ: ലോക വയോജന ദിനത്തിൽ കുടുംബശ്രീ വയോജന അയൽക്കൂട്ട അംഗങ്ങളുടെ പുസ്തകം 'ഇന്നലകളിലേക്കൊരു യാത്ര' പ്രകാശനം ചെയ്തു.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ മേയർ അജിത ജയരാജനു നൽകി പ്രകാശനം ചെയ്തു. അംഗങ്ങൾക്ക് അവരുടെ ഏകാന്ത നിമിഷങ്ങൾ ഓർമ്മക്കുറിപ്പുകളാക്കി മാറ്റാൻ ജില്ലാ കുടുംബശ്രീ മിഷൻ നടത്തിയ വയോജന കാമ്പയിന്റെ ഭാഗമായാണ് 363 പേജുകളുള്ള ഈ പുസ്തകം തയ്യാറാക്കിയത്.
ജില്ലയിലെ രണ്ടായിരത്തോളം വയോജന അയൽക്കൂട്ടങ്ങളിലെ 20,000 വയോജനങ്ങൾ കാമ്പയിന്റെ ഭാഗമായി.
ആത്മകഥ, അനുഭവങ്ങൾ, കവിത, കഥകൾ മക്കളുടെയും പേരക്കുട്ടികളുടെയും സഹായത്തോടെ വാട്സാപ്പ് വഴി അയച്ച് മത്സരത്തിൽ പങ്കെടുത്തു.
ഈ കുറിപ്പുകൾ ബ്ലോക്ക് തലത്തിൽ ക്രോഡീകരിച്ച് പുസ്തകരൂപത്തിലാക്കി.
119 കഥകൾ, 240 കവിതകൾ, 123 അനുഭവക്കുറിപ്പുകൾ, 171 ആത്മകഥകൾ, 11 ജീവിത ചരിത്രങ്ങൾ, 1 നാടകം, 11 കുറിപ്പുകൾ തുടങ്ങി 676 രചനകൾ ലഭിച്ചു.
ഇതിൽ നിന്നും 260 രചനകൾ തിരഞ്ഞെടുത്ത് പുസ്തകമാക്കി.