ചാവക്കാട്: മേഖലയിൽ 47 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ പരിശോധനയിൽ നഗരസഭ പരിധിയിൽ 18 പേർക്കും ഒരുമനയൂർ പി.എച്ച്.സിയിൽ നടന്ന ആന്റിജൻ പരിശോധനയിൽ 29 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി മേഖലയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ ജനം ആശങ്കയിലായി. താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പരിശോധനയിൽ ദിനംപ്രതി നിരവധി പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചാവക്കാട് നഗരസഭ പരിധിയിൽ കഴിഞ്ഞ ഒരാഴ്ച്ചയിലെ കണക്ക് പ്രകാരം 62 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നേരത്തെ നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ ഉൾപ്പെടെ നഗരസഭയിലെ നാല് ജീവനക്കാർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കടപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന ആന്റിജൻ പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി, വാർഡ് മെമ്പർ ഉൾപ്പെടെ 23 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
ഒരുമനയൂർ പഞ്ചായത്തിൽ ഇന്നലെ നടന്ന കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ 28പേർ ഒരുമനയൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നവരാണ്. ഒരാൾ കടപ്പുറം പഞ്ചായത്ത് മെമ്പറാണ്. നേരത്തെ ഒരുമനയൂർ പഞ്ചായത്ത് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ ഓഫീസ് പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരുന്നു. ചാവക്കാട് നഗരസഭയിൽ നാല്, കടപ്പുറം പഞ്ചായത്തിൽ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.