 
കൊടകര: വാദ്യകലാകാരൻമാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയിലെ പതിനൊന്നുപേർ ചേർന്ന് ഒരുക്കിയത് താളവട്ടങ്ങളുടെ മേളപ്പെരുക്കം. ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്ന ഉത്സവക്കാലത്തിന് മുന്നോടിയായി കുംഭച്ചൂടാറുംമുമ്പേ അഴിച്ചുവച്ച ചെണ്ടകൾ വീണ്ടും വലിച്ചു മുറുക്കുകയായിരുന്നു അവർ. നമസ്തെ കൈരളി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉത്സവകൈരളിയിൽ പഞ്ചാരി കേട്ട് പാണ്ടി കേട്ട് എന്ന പരിപാടിയിലാണ് ചെമ്പടവട്ടങ്ങൾ കൊട്ടിക്കയറിയത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവവങ്ങൾ എല്ലാം ഉപേക്ഷിച്ചതോടെ വീടുകളിൽ ഒതുങ്ങിക്കൂടി മനസുകളിൽ താളമിട്ടിരുന്ന ഈ കലാകാരൻമാർക്കും ആയിരക്കണക്കിനു ആസ്വാദകർക്കും ആനയും അമ്പാരിയും ആറാട്ടുമില്ലെങ്കിലും ആഘോഷത്തിന്റെ വേദിയായിരുന്നു ഉത്സവകൈരളി സമ്മാനിച്ചത്. കൊവിഡ് മഹാമാരിയുടെ താണ്ഡവത്തിനിടയിലും തോളത്തൊതൂങ്ങുന്ന ചെണ്ടയിൽ കൈയ്യും കോലും പ്രയോഗിച്ചത് ലോകമെങ്ങുമുള്ള പതിനായിരക്കണക്കിന് കലാസ്‌നേഹികളാണ് തത്സമയം ആസ്വദിച്ചത്. കമന്റുകളും ഷെയറുകളുമായി കൊടകരയുടെ വാദ്യവൃന്ദത്തെ പ്രോത്സാഹിപ്പിച്ചതും നിരവധിപേർ.
മേളകലാസമിതി പ്രവർത്തകരായ കൊടകര ഉണ്ണി, വിജിൽ ആർ മേനോൻ, അരുൺ പാലാഴി, കൊടകര അനൂപ്, കീനൂർ അഭിലാഷ്, മച്ചാട് പത്മകുമാർ, കീനൂർ ദീപേഷ്, കൊടകര അനീഷ്, മറ്റത്തൂർ അനന്തു, ബിബിൻദാസ് മുപ്ലിയം, കൊടകര അഭിജിത്ത് എന്നിവരാണ് വിവിധവാദ്യങ്ങൾ കൈകാര്യം ചെയ്തത്.