ചാലക്കുടി: സപ്ലൈ കോയുടെ പരിയാരം കുറ്റിക്കാടുള്ള ഷോപ്പിലെ മൂന്നു താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ട നടപടി പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു. മൂന്നു വനിതാ ജീവനക്കാരോടൊപ്പം ജില്ലാ പഞ്ചായത്തംഗം സി.ജി. സിനിയും രാവിലെ ഷോപ്പിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാനേജരുടെ ക്യാബിൻ അടച്ചു പൂട്ടുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി, പിരിച്ചുവിട്ട ജീവനക്കാരിൽ നിന്നും പരാതി എഴുതി വാങ്ങി. കച്ചവടം മുടങ്ങാതിരിക്കാൻ ഇവരെ ജോലിയ്ക്ക് എടുക്കണമെന്ന പൊലീസ് നിർദ്ദേശം പിന്നീട് മാനേജർ അംഗീകരിച്ചു. സ്മിജി സാബു, സുനിത ഗോപി, സിജി ജോജോ എന്നീ താത്കാലിക ജീവനക്കാർക്ക് എതിരെയായിരുന്നു മാനേജരുടെ നടപടി. ഏഴു വർഷമായി ഇവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

പിരിച്ചുവിടലിനു പിന്നിൽ പഞ്ചായത്തിലെ സി.പി.എം, സി.പി.ഐ എറ്റുമുട്ടലോ?

ചാലക്കുടി: പരിയാരം പഞ്ചായത്തിൽ സി.പി.എം, സി.പി.ഐ തമ്മിൽ അണിയറയിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ പ്രതിഫലനമാണ് സപ്ലൈ കോ ഷോപ്പിലേതെന്ന് ആക്ഷേപം. സി.പി.ഐ അനുഭാവിയായ മാനേജരെ സമ്മർദ്ദത്തിലാക്കി പ്രാദേശിക നേതൃത്വം എടുപ്പിച്ച തീരുമാനമാണിതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. സി.ഐ.ടി.യുക്കാരായ വനിതാ ജീവനക്കാർ എ.ഐ.ടി.യു.സി.വിലേയ്ക്ക് മാറാത്തതിന്റെ പ്രതികാരമാണ് പിരിച്ചു വിടലിൽ കലാശിച്ചതെന്ന് പറയുന്നു. എന്നാൽ പ്രസ്തുത വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് സി.പി.എം തീരുമാനം. പരിയാരം പഞ്ചായത്ത് ഭരണത്തിൽ സി.പി.ഐ പലപ്പോഴും സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിന് അനുകൂലമായി കലാശിച്ചെന്ന് സി.പി.എം ആരോപിക്കുന്നുണ്ട്. കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഭരണത്തിലേറാൻ ഇടയാക്കിയതിന് പിന്നിലും സി.പി.ഐ ആയിരുന്നെന്നും സി.പി.എം. നേതാക്കൾ കുറ്റപ്പെടുത്തുന്നു.