 
കൊടുങ്ങല്ലൂർ: കാർഷിക വിത്തുകൾ കൊണ്ട് ഗാന്ധിജിയുടെ ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ് വീണ്ടും വിസ്മയം തീർത്തു. പത്തൊമ്പത് തരം കാർഷിക വിത്തുകൾ ഉപയോഗിച്ചാണ് മഹാത്മാ ഗാന്ധിയുടെ ആറടി വലുപ്പമുള്ള ചിത്രം വട്ട മേശയ്ക്ക് മുകളിൽ മൂന്നു മണിക്കൂർ കൊണ്ട് ഡാവിഞ്ചി സുരേഷ് നിർമിച്ചത്. എറിയാട് കെ.വി.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥികളുടെ വാട്‌സ് ആപ് കൂട്ടായ്മയായ കൂട്ടിലെ കർഷകർക്ക് വിതരണം ചെയ്യാനായി മണ്ണുത്തി കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ നിന്നുമായി വാങ്ങിയ നല്ലയിനം വിത്തുകൾ കൊണ്ടാണ് സുരേഷ് ഈ ചിത്രം കൂട്ടുകാർക്കായി പൂർത്തിയാക്കിയത്. ചെറുപയർ, മല്ലി, കടുക്, മുളക്, പയർ, ചോളം, മത്തങ്ങ, പടവലം, ഉഴുന്ന്, വെള്ളരി, വാളരി പയർ, ഉലുവ, വഴുതനങ്ങ, ചീര, കുമ്പളം, വെണ്ട, പാവക്ക, ചുരക്ക എന്നിവയുടെ വിത്തുകളാണ് ചിത്രം വരയ്ക്കാനായി ഉപയോഗിച്ചത്.