bdjs

തൃശൂർ: സംസ്ഥാനത്തെ ഇടത് - വലത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ജനം മടുത്തുവെന്നും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ നെഞ്ചേറ്റുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹോട്ടൽ എലൈറ്റിൽ നടന്ന ബി.ഡി.ജെ.എസ് പാർട്ടിയുടെ ജില്ലാ, നിയോജക മണ്ഡലം നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് ബൂത്ത് തലം മുതലുള്ള പ്രവർത്തനം പാർട്ടി ഊർജ്ജിതപ്പെടുത്തിയതിനാൽ തൃശൂരിൽ മുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. ബി.ഡി.ജെ.എസ് - ബി.ജെ.പി ഉഭയകക്ഷി ചർച്ചകൾ ഇതിനകം എല്ലായിടത്തും നടന്നു. എൻ.ഡി.എ സഖ്യത്തിൽ അർഹമായ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തി മത്സരിപ്പിക്കുന്നതിനും തീരുമാനമായി. പൊതുസമ്മതരായ സ്ഥാനാർത്ഥികളെ നിറുത്തുമെന്നും ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുളള ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, ബേബിറാം, കെ.കെ. ബിനു, അനിരുദ്ധ് കാർത്തികേയൻ, സജീവ്കുമാർ കല്ലട, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സന്തോഷ്, ജില്ലാ സെക്രട്ടറിമാരായ രവീന്ദ്രൻ കൊടുങ്ങല്ലൂർ, ലോചനൻ അമ്പാട്ട്, ജില്ലാ ട്രഷറർ അതുല്യഘോഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത്, പി.എസ്. രാധാകൃഷ്ണൻ ഉൾപ്പെടെ മറ്റ് ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത് തല ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.