police

തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ 15000 കടക്കുകയും കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം രണ്ടായിരത്തിലേറെ പുതിയ രോഗികളെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കർക്കശമാക്കി. ഇന്ന് മുതൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ഭാഗമായുള്ള നിർദ്ദേശങ്ങൾ കളക്ടർ എസ്.ഷാനവാസ് പുറപ്പെടുവിപ്പിച്ചു. നടപടികൾ കർശനമാക്കാൻ പൊലീസും ഇന്ന് രാവിലെ മുതൽ കളത്തിലിറങ്ങി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പും രംഗത്തുണ്ട്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകൾ തമ്മിൽ അടുത്തിടപഴകുന്ന സാഹചര്യങ്ങൾ ഒഴിവാക്കി സമ്പർക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ജില്ലയിലെ നിയന്ത്രണങ്ങൾ

1. വിവാഹങ്ങളിൽ പരമാവധി 50 പേർ, മരണാനന്തര ചടങ്ങുകളിൽ 20

2. സാംസ്‌കാരിക പരിപാടികൾ,സർക്കാർ നടത്തുന്ന പൊതു പരിപാടികൾ,രാഷ്ട്രീയ, മത ചടങ്ങുകൾ തുടങ്ങിയവയിൽ 20 പേർ

3. മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ, ഓഫീസുകൾ, കടകൾ, റസ്റ്റോറന്റുകൾ, ജോലിയിടങ്ങൾ, ആശുപത്രികൾ, പരീക്ഷ കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ പാലിച്ചാവണം

4. പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിലധികം കൂട്ടം കൂടാൻ പാടില്ല


ഇന്നലെ രോഗികൾ 812
ജില്ലയിൽ ഇന്നലെ 812 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. 8546 പേർ ഇതുവരെ രോഗമുക്തരായി.