covid

തൃശൂർ: ഗുരുതരമായ രോഗലക്ഷണങ്ങളില്ലാത്തതിനാൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർ 3,268 ലേക്ക് എത്തിയതോടെ പൾസ് ഓക്‌സിമീറ്റർ അടക്കമുള്ള ചികിത്സാസൗകര്യം കൂടുതലായി ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഒരുക്കം തുടങ്ങി. രോഗവ്യാപനം നിയന്ത്രണാതീതമാകുകയും ഫസ്റ്റ് ലൈൻ സെന്ററുകൾ നിറയുകയും ചെയ്തതോടെ ഇനി കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകും.

രോഗത്തെക്കുറിച്ചും എങ്ങനെ വീടുകളിൽ ചികിത്സ നടത്തണമെന്നും വ്യക്തമാക്കുന്ന ലഘുലേഖകളും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനവും ലഭ്യമാക്കും. മൊബൈലിൽ രണ്ട് നേരം ഡോക്ടർമാർ വിളിച്ച് ആരോഗ്യവിവരം അന്വേഷിക്കും. ദിവസവും രണ്ട്‌ നേരം ശരീരോഷ്മാവ് പരിശോധിച്ചും ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തും. 60 വയസിന് മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ളവർക്കും വീടുകളിൽ ചികിത്സയിൽ കഴിയാൻ ആരോഗ്യ വകുപ്പ് അനുമതിയില്ല. ഹൃദ്രോഗം, കാൻസർ, പ്രമേഹം, മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ ഉള്ളവർക്കും വീട്ടുചികിത്സ ലഭിക്കില്ല. സ്രവ പരിശോധനയിൽ പൊസിറ്റീവായാൽ ഹോം കെയറിന് താൽപര്യമുള്ളവർ ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണം. അതേസമയം, അലോപ്പതി ഡോക്ടർമാരുടെ ക്ഷാമം കണക്കിലെടുത്ത് ആയുഷ് ഡോക്ടർമാരെ കൂടുതലായി സി.എഫ്.എൽ.ടി കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.


വീട്ടിലും ജാഗ്രത വേണം


വീട്ടിൽ കഴിയുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ചികിത്സാരീതികളോട് പൂർണ്ണമായും സഹകരിക്കുകയും വേണം. പൾസ് ഓക്‌സിമീറ്റർ ചൂണ്ടുവിരലിൽ ഘടിപ്പിച്ച ശേഷം ഓൺ ചെയ്താൽ രക്തത്തിലെ ഓക്‌സിജന്റെ അളവു ലഭിക്കും. അളവ് 94ൽ താഴെയായാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. പൾസും ഇതുപോലെ അറിയാം. പൾസ് റീഡിംഗും അറിയിക്കണം. പനിയോ തൊണ്ടവേദനയോ കണ്ടാൽ സി.എഫ്.എൽ.ടി കേന്ദ്രത്തിലേക്ക് മാറ്റും. അൽപം കൂടി ഗുരുതര പ്രശ്‌നങ്ങളുണ്ടെങ്കിൽ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഗുരുതരാവസ്ഥയിലുള്ളവർക്ക് മെഡിക്കൽ കോളേജിലും ചികിത്സ നൽകും.


ശ്രദ്ധിക്കാൻ


വീടുകളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബാംഗങ്ങളുണ്ടെങ്കിൽ മാറ്റിപ്പാർപ്പിക്കണം.

ശൗചാലയ സൗകര്യമുള്ള മുറിയിൽ ഒറ്റയ്ക്കാണ് രോഗബാധിതർ കഴിയേണ്ടത്

ആരോഗ്യപ്രശ്‌നം കണ്ടാലുടൻ ഡോക്ടറെ അറിയിച്ച് ആശുപത്രിയിലേക്ക് മാറണം.

''രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ വീടുകളിലെ ചികിത്സ വർദ്ധിപ്പിക്കുകയാണ്. കൃത്യമായ നിരീക്ഷണവും ചികിത്സയും ബോധവത്കരണവും ഉറപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടക്കുന്നുണ്ട്.


ഡോ. ടി.വി. സതീശൻ

ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം

''സർക്കാർ തലത്തിലും സ്വകാര്യമേഖലയിലും അടക്കമുള്ള അമ്പതിലേറെ ആയുർവേദ ഡോക്ടർമാർ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.

ഡോ. സലജകുമാരി

ഡി.എം.ഒ

ഭാരതീയ ചികിത്സാവകുപ്പ്.