trifed-unit

തൃശൂർ: ഗോത്രവർഗ ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ ട്രൈബ്സ് ഇന്ത്യ ‘ഇ‐മാർക്കറ്റ് പ്ലേസ്" തുടങ്ങി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശല, ജൈവ ഉത്പന്ന വിപണന കേന്ദ്രമായി ട്രൈബ്സ് ഇന്ത്യ ഇ‐മാർക്കറ്റ് പ്ലേസ് മാറും. രാജ്യത്തുടനീളമുള്ള ഗോത്ര സംരംഭക ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ച് വിൽക്കുകയാണ് ലക്ഷ്യം. കരകൗശല വസ്തുക്കൾ, കൈത്തറി, പ്രകൃതി - ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവ രാജ്യത്തുടനീളം ലഭ്യമാക്കാൻ 5 ലക്ഷം ഗോത്ര ഉത്പാദകരെ അണിനിരത്തും.

ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലുള്ള സാന്നിദ്ധ്യത്തിലൂടെ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്പ്ഡീൽ, ജി.എം തുടങ്ങിയ ഓൺലൈൻ സംവിധാനത്തിലൂടെയും ഗോത്രവർഗ ഉത്പന്നങ്ങൾ വിൽക്കാനാകും. ഗോത്ര കരകൗശല തൊഴിലാളികൾ, ആദിവാസി സ്വാശ്രയ സംഘങ്ങൾ, സംഘടനകൾ, ഏജൻസികൾ, ഗോത്രവർഗക്കാർക്കായി പ്രവർത്തിക്കുന്ന എൻ‌.ജി‌.ഒകൾ എന്നിവരാണ് വിതരണശൃംഖലയിലുള്ളത്. ട്രൈബ്സ് ഇന്ത്യ ആമസോണുമായുള്ള സെല്ലർ ഫ്ലെക്സ് പദ്ധതി പങ്കാളിത്തം ഉൾപ്പെടെയുള്ള നിരവധി ട്രൈഫെഡ് സംരംഭങ്ങൾക്കും തുടക്കമായി.

 എന്താണ് ട്രൈഫെഡ് ?

ഗോത്രവർഗക്കാരുടെ കരകൗശല വസ്തുക്കളും പൈതൃക ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കാൻ 1987ൽ തുടങ്ങിയതാണ് ട്രൈഫെഡ് (ട്രൈബൽ കോ - ഓപറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്). കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അപ്പെക്സ് സ്ഥാപനമാണിത്. രാജ്യത്താകമാനമുള്ള 73 ഔട്ട്‌ലെറ്റുകളിലൂടെ ഇന്ത്യൻ ഗോത്രസംസ്കാരവും പാരമ്പര്യവും അടയാളപ്പെടുത്തുകയാണ് ട്രൈഫെഡ്.

'പകർച്ചവ്യാധി സമയമായിരുന്നിട്ടും ട്രൈഫെഡ് പോരാളികളുടെ സംഘം പുതിയ വിപണന മാർഗം സ്വീകരിച്ച് ഗോത്രവർഗക്കാരുടെ സാമൂഹിക - സാമ്പത്തിക വികസനത്തിൽ സാധാരണനില ഉറപ്പാക്കിയതിൽ സന്തോഷമുണ്ട്".

- അർജ്ജുൻ മുണ്ടെ, കേന്ദ്രമന്ത്രി