പട്ടിക്കാട്: മൈലാട്ടുംപാറ മഞ്ഞകുന്ന് മേലേച്ചിറ പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നാശിപ്പിച്ചു. നിരവധി കർഷകരുടെ വാഴ കൃഷിയാണ് കാട്ടാന കുട്ടം നശിപ്പിച്ചത്.

സമീപ പ്രദേശങ്ങളിലെ വീടുകളുടെ മുറ്റത്ത് പോലും കാട്ടാനക്കൂട്ടം രാത്രിയിൽ എത്തി കൃഷി നശിപ്പിച്ചു. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി.

സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുള്ള സ്ഥലവും പീച്ചി ഡാമിന്റ വലതുകര കനാൽ പ്രദേശവും കടന്ന് ജനവാസ മേഖലയിലും

100 കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്ക് പരിസരത്തുമാണ് ആനക്കൂട്ടം തുടർച്ചയായി മൂന്ന് ദിവസമായി ഇറങ്ങുതെന്ന് പ്രദേശവാസികൾ പറയുന്നു. കോടിയാട്ടിൽ മത്തായി, മേക്കര പ്രകാശൻ, മേക്കര ബാലൻ, കോടിയാട്ടിൽ ഔസേഫ്, തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും മേക്കര ജയന്റെത് ഉൾപെടെയുള്ള പുരയിടങ്ങളിലാണ് ആന ഇറങ്ങി നാശം വരുത്തിയിട്ടുള്ളത്.

മുൻ എം.എൽ.എ എം.പി. വിൻസെന്റിന്റെ കാലത്താണ് മയിലാട്ടുംപാറ മുതൽ വഴക്കുംപാറ വരെ സോളാർ ഫെൻസിംഗ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് പല സ്ഥലങ്ങളിലും സോളാർ ഫെൻസിംഗിന് കേടുപാടുകൾ സംഭവിച്ചിരുന്നു. വനത്തിൽ നിന്നും ഫെൻസിംഗ് തകരാർ ഉള്ള സ്ഥലത്ത് കൂടിയാണ് ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം ഇറങ്ങുതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

..................................

സോളാർ ഫെൻസിംഗിന് കേടുപാടുകൾ സംഭവിച്ച സ്ഥലത്ത് കൂടിയാണ് ആനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത്. സോളാർ ഫെൻസിംഗിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണം

- കെ.പി. എൽദോസ് (പാണഞ്ചേരി പഞ്ചായത്ത് അംഗം)