പാലപ്പിള്ളി: കാട്ടാനശല്യത്തിൽ നിന്ന് രക്ഷനേടാൻ വഴിയോരത്തെ കാട് വെട്ടിതെളിച്ച് നാട്ടുകാർ. കാട്ടാന ആക്രമണം പതിവായ പാലപ്പിള്ളി മുതൽ വലിയകുളം വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡിനിരുവശവമുള്ള കാടുമൂടിയ ഭാഗം നാട്ടുകാർ ശുചീകരിച്ചത്. കാട്ടാന ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ച വീട്ടുകാരെ ഉൾപ്പെടുത്തി രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജോളി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷബീറ ഹുസൈൻ, മുഹമ്മദാലി കുയിലൻതൊടി, കൂട്ടായ്മ കൺവീനർ അഡ്വ.എം.എ. ജോയ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്കും കൃഷി നശിച്ചവർക്കും വനം വകുപ്പ് നഷ്ടപരിഹാരം നൽകണമെന്നും തകരാറിലായ സോളാർ വേലി പുനസ്ഥാപിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.