കയ്പമംഗലം: ദിനംപ്രതി കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കളക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കൂടുതൽ ജാഗ്രതാ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് എം.എൽ.എ നിർദ്ദേശം നൽകി.
പുതുതായി ആരംഭിച്ച വഴിയോര കച്ചവടങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കണം. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലെ പാഴ്‌സൽ സർവീസ് രാത്രി 8 വരെ അനുവദിക്കും. ബ്രേക്ക് ദ ചെയിൻ പരിപാടി കൂടുതൽ ഊർജ്ജിതമാക്കും.
തീരദേശത്തെ മത്സ്യ മാർക്കറ്റുകൾ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ പ്രവർത്തിക്കും. നിയന്ത്രണം പാലിക്കാത്തവർക്കെതിരെ കനത്ത പിഴ ചുമത്തും. തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ച് പേര് അടങ്ങുന്ന ചെറു സംഘങ്ങളായി തൊഴിൽ ചെയ്യാം. വാർഡുകളിൽ നടക്കുന്ന ആർ.ആർ.ടി പ്രവർത്തനങ്ങളിൽ നിലവിൽ ഉള്ളവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പുതിയ വളണ്ടിയർമാരെ ചുമതലപ്പെടുത്തും. കൊടുങ്ങല്ലൂർ താലൂക്കിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, തഹസിൽദാർ കെ. രേവ, പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കൊടുങ്ങല്ലൂർ, മതിലകം എസ്.എച്ച്.ഒ മാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.